പാരിസ്: ലോകകപ്പിന് ശേഷമുള്ള ആദ്യ ക്ലബ്ബ് മത്സരത്തില്‍ തന്നെ തിളങ്ങി സൂപ്പര്‍താരം ലയണല്‍ മെസ്സി. മത്സരത്തില്‍ ഗോള്‍ കണ്ടെത്തിയ മെസ്സി മടങ്ങിവരവ് ഗംഭീരമാക്കി. ഫ്രഞ്ച് ലീഗില്‍ ആങ്കേഴ്‌സിനെതിരേ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് പിഎസ്ജി വിജയിച്ചത്. മെസ്സിക്ക് പുറമേ സ്‌ട്രൈക്കര്‍ ഹ്യൂഗോ എകിറ്റികെയും ഗോള്‍വലകുലുക്കി. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയില്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ പിഎസ്ജി മുന്നിലെത്തി. വലതുവിങ്ങില്‍ നിന്ന് നോര്‍ദി മുകിയേലെ നല്‍കിയ ക്രോസില്‍ നിന്ന് എകിറ്റികെ അനായാസം ഗോളടിച്ചു. രണ്ടാം പകുതിയില്‍ 72-ാം മിനിറ്റില്‍ മെസ്സി ലീഡ് രണ്ടാക്കി ഉയര്‍ത്തി. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ മുകിയേലെയുടെ പാസില്‍ നിന്ന് മെസ്സി ലക്ഷ്യം കണ്ടു. അസിസ്റ്റന്റ് റഫറി ഓഫ്‌സൈഡ് ഫ്‌ളാഗുയര്‍ത്തിയെങ്കിലും വാര്‍ പരിശോധനയ്ക്കുശേഷം ഗോള്‍ അനുവദിച്ചു.
18 മത്സരങ്ങളില്‍ നിന്ന് 47 പോയന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 41 പോയന്റുമായി ലെന്‍സാണ് രണ്ടാം സ്ഥാനത്ത്. എട്ട് പോയന്റോടെ ആങ്കേഴ്‌സ് നിലവില്‍ അവസാനസ്ഥാനത്താണ്.