ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. മൈസൂരുവിന് സമീപത്തുവെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് ബെന്‍സ് എസ്.യു.വി. ഡിവൈഡറില്‍ ഇടിച്ചത്. പ്രഹ്ലാദ് മോദി, ഭാര്യ, മകന്‍, മകന്റെ ഭാര്യ, കൊച്ചുമകന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. ബന്ദിപ്പുറിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. കാറിന്റെ മുന്‍ഭാഗത്തിന് സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പ്രഹ്ലാദ് മോദിയുടെ കൊച്ചുമകന്റെ കാലിന് പൊട്ടലുണ്ട്. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളാണുള്ളത്. ഇവരെ മൈസൂരുവിലെ ജെ.എസ്.എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നും കാര്‍ അമിതവേഗത്തില്‍ ആയിരുന്നില്ലെന്നും മൈസൂരു എസ്.പി. സീമ ലട്കര്‍ എന്‍.ഡി.ടി.വിയോടു പ്രതികരിച്ചു. എന്നാല്‍ നിയന്ത്രണം വിട്ടതിന് പിന്നാലെ കാര്‍ ഡിവൈഡറില്‍ ഇടിയ്ക്കുകയുമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപകടം നടന്ന സ്ഥലം തിരക്കേറിയ ജങ്ഷന്‍ അല്ലെന്നും ഇവിടെ അനുവദനീയമായ പരാമവധി വേഗപരിധി മണിക്കൂറില്‍ 40-50 കിലോമീറ്ററാണെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു. കര്‍ണാടക കായികവകുപ്പുമന്ത്രി നാരായണ്‍ ഗൗഡ, പ്രഹ്ലാദ് ജോഷിയെയും കുടുംബത്തെയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.