സുശാന്തിന്റെ എല്ലുപൊട്ടിയിരുന്നു, കണ്ണിൽ മർദ്ദനമേറ്റിരുന്നു- മോർച്ചറി ജീവനക്കാരൻ
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ കണ്ണില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് സാക്ഷ്യം വഹിച്ച കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാന്‍ രൂപകുമാര്‍ ഷാ. കഴിഞ്ഞ ദിവസം സുശാന്തിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ഇദ്ദേഹം രംഗത്ത് വന്നിരുന്നു.
സുശാന്തിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു. എല്ലുപൊട്ടിയിരുന്നു. ഇതെല്ലാം മേലധികാരികളോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പണിമാത്രം നോക്കിയാല്‍ മതിയെന്ന് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞാനും ഭാഗമായിരുന്നു. എന്നാല്‍ ആരാണ് നേതൃത്വം നല്‍കിയതെന്ന് ഓര്‍ക്കുന്നില്ല. നടന്‍ കഴുത്തിലെ പാടുകള്‍ തൂങ്ങിമരിച്ച പോലെയായിരുന്നില്ല. കഴുത്ത് ഞെരിച്ചപോലെയായിരുന്നു- ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞു.
സുശാന്ത് മരണപ്പെട്ട സമയത്ത് ഇതെക്കുറിച്ച് പുറത്ത് പറയാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഷാ ഇങ്ങനെ പ്രതികരിച്ചു. അന്നത്തെ സര്‍ക്കാറില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പുറത്ത് പറഞ്ഞില്ല. ഇന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പില്‍ വരാന്‍ തയ്യാറാണ്. മൊഴിനല്‍കാം. എന്റെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ഭയമില്ല. സുശാന്തിന് നീതി ലഭിക്കണം- ഷാ കൂട്ടിച്ചേര്‍ത്തു.
2020 ജൂണ്‍ 14 നാണ് സുശാന്തിനെ മുംബൈയിലുള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്. രാജ്യത്ത് വളരെയേറെ കോളിളക്കം സൃഷ്ടിച്ച മരണമായിരുന്നു സുശാന്തിന്റേത്. മുംബൈ പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. മയക്കുമരുന്ന് മാഫിയ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇഡി, എന്‍.സി.ബി തുടങ്ങിയ അന്വേഷണ ഏജന്‍സികളും കേസില്‍ ഉള്‍പ്പെട്ടു.
സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കി എന്ന കേസില്‍ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റിലാവുകയും ചെയ്തു. റിയക്കെതിരേ കടുത്ത ആരോപണങ്ങളാണ് സുശാന്തിന്റെ കുടുംബം ഉന്നയിച്ചത്. കേസില്‍ റിയ പിന്നീട് ജാമ്യത്തിലിറങ്ങി. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നതായിരുന്നു അന്തിമ നിഗമനം.