25.5 C
Kottayam
Saturday, May 18, 2024

കോവിഡ് നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി ചൈന; ജനുവരി 8 മുതൽ നിർബന്ധിത ക്വാറന്റീനില്ല

Must read

ബെയ്ജിങ്: മൂന്നു വര്‍ഷത്തിനുശേഷം കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി ചൈന. വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റീന്‍ ജനുവരി എട്ടുമുതല്‍ ചൈന നീക്കുമെന്ന് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. ജോലിക്കും പഠനത്തിനും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനുമായി എത്തുന്നവര്‍ക്കുവേണ്ടി ചൈന അതിര്‍ത്തികള്‍ തുറക്കും. ചൈനീസ് പൗരന്മാരെ വിദേശയാത്ര നടത്താനും അനുവദിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു.

ചൈനയില്‍ കോവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള നീക്കം. ആശുപത്രികള്‍ നിറഞ്ഞുവെന്നും പ്രായംചെന്ന നിരവധിപേര്‍ മരിക്കുന്നുവെന്നുമാണ് ചൈനയില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കണക്കുകള്‍ പുറത്തുവിടുന്നത് അധികൃതര്‍ അവസാനിപ്പിച്ചതിനാല്‍ കോവിഡ് ബാധിതരുടെ എണ്ണമോ, യഥാര്‍ഥ മരണ കണക്കുകളോ വ്യക്തമല്ല.

കഴിഞ്ഞയാഴ്ചയില്‍ ബെയ്ജിങ്ങില്‍മാത്രം പ്രതിദിനം 4000-ത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് വിവരം. കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നത് അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ ചൈനയില്‍ പ്രതിദിനം 5000-ത്തോളം പേര്‍ മരിക്കുന്നുവെന്നുമാണ് ബ്രിട്ടീഷ് ഹെല്‍ത്ത് ഡേറ്റ സ്ഥാപനമായ എയര്‍ഫിനിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മൂന്നുവര്‍ഷം നീണ്ട ലോക്ഡൗണിനും, അതിര്‍ത്തി അടയ്ക്കലിനും, നിര്‍ബന്ധിത ക്വാറന്റീനും അവസാനിപ്പിച്ച് ചൈനയും കോവിഡിനൊപ്പം ജീവിക്കുക എന്ന രീതിയിലേക്ക് മാറാനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

ചൈനയുടെ സീറോ കോവിഡ് നയം ജനത്തിന് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സമ്പദ്‌വ്യവസ്ഥയേയും നിയന്ത്രണങ്ങള്‍ ബാധിച്ചു. അതിനിടെ, കോവിഡ് നിയന്ത്രണങ്ങളില്‍ മനംമടുത്ത ജനങ്ങള്‍ നവംബറില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതോടെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. 2020 മാര്‍ച്ച് മുതല്‍ വിദേശത്തുനിന്ന് ചൈനയില്‍ എത്തുന്ന എല്ലാവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധിതമാക്കിയിരുന്നു. മൂന്നാഴ്ച ആയിരുന്നു നിര്‍ബന്ധിത ക്വാറന്റീന്‍. പിന്നീടത് അഞ്ച് ദിവസമായി ചുരുക്കിയിരുന്നു. എന്നാല്‍ കോവിഡിനെ ക്ലാസ് ബി വിഭാഗത്തില്‍പ്പെട്ട പകര്‍ച്ചവ്യാധിയായി ജനുവരി എട്ടുമുതല്‍ കണക്കാക്കുമെന്നാണ് ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ക്വാറന്റീന്‍ അവസാനിപ്പിക്കുമെന്ന് ബി.ബി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചൈനയില്‍ എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തേണ്ടിവരും. ചൈനയിലേക്ക് പ്രതിദിനം എത്തുന്ന വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും നീക്കും.

വിദേശ വിനോദ സഞ്ചാരികളെ ചൈന അനുവദിക്കുമോ എന്നകാര്യം വ്യക്തമല്ല. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ വിദേശയാത്രകള്‍ക്കുള്ള തിരക്ക് വര്‍ധിച്ചു തുടങ്ങിയെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ, കോവിഡ് വ്യാപനം രൂക്ഷമായ സമയത്തുതന്നെ അതിര്‍ത്തികള്‍ തുറക്കുന്നതിലെ ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week