മാനന്തവാടി: മദ്യം ലഭിക്കാത്തതിനെ തുടർന്ന് മാനന്തവാടി ബിവറേജ് ഔട്ലെറ്റിന്റെ ചില്ലെറിഞ്ഞ് തകർത്ത കേസിലെ പ്രതികളെ പിടികൂടി. മാനന്തവാടി ഒഴക്കോടി സ്വദേശികളായ അമൽ, റോബിൻസ് എന്നിവരാണ് അറസ്റ്റിലായത്. ബിവറേജ് അടച്ചതിന് ശേഷം അതിക്രമിച്ച് കടന്ന് പൊതുമുതൽ നശിപ്പിപ്പിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഇരുവരേയും ബത്തേരി കോടതിയിൽ ഹാജരാക്കും. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അതേസമയം, വർക്കല മൈതാനത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർ വർക്കല പൊലീസിന്റെ പിടിയിലായി. വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ വിഷ്ണു(28), രാമന്തളി കനാൽപുറമ്പോക്കിൽ സബീന മൻസിലിൽ അബു എന്നറിയപ്പെടുന്ന അബൂബക്കർ(20), എന്നിവരാണ് അറസ്റ്റിലായത്. വർക്കല മൈതാനത്തെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബും പണവും കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്.
നിരവധി മോഷണകേസുകളിൽ പ്രതിയായ വിഷ്ണു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാര പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വർക്കല ഡിവൈഎസ്പി പീ നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ എസ് സനോജ്, സബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, പ്രൊബേഷൻ എസ് ഐ മനോജ് സി, എ എസ് ഐ മാരായ ഷാനവാസ്, ബിജു കുമാർ, എസ് സി പി ഓ മാരായ വിജു, ഷിജു ഷൈജു, സിപിഒ മാരായ സുധീർ, ഫറൂഖ്, സാംജിത്ത്, സുജിത്ത് എന്നിവരുടെ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.