കൊച്ചി: ക്രിസ്മസ് തലേന്ന് കുർബാന തർക്കത്തിൽ തമ്മിലടിച്ച് സിറോ മലബാർ സഭയിലെ ഇരുവിഭാഗങ്ങൾ. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ 18 മണിക്കൂർ നേരമാണ് സംഘർഷാവസ്ഥ നീണ്ടുനിന്നത്. അൾത്താരയിൽ അസഭ്യവർഷവും ഏറ്റുമുട്ടലും ഉണ്ടായി. പ്രതിഷേധക്കാര്‍ വൈദികരെ കയ്യേറ്റം ചെയ്തു, ബലിപീഠം തള്ളിമാറ്റി, വിളക്കുകൾ തകർത്തു. പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. അതിനിടെ, കുര്‍ബാന തര്‍ക്കം സംബന്ധിച്ച് വിമത വൈദികര്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു.
ബസലിക്ക പള്ളിയില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് വിമത വൈദികരുടെ കത്തിലെ ആവശ്യം. ബലി പീഠം തള്ളിയിട്ടതോടെ വിശുദ്ധി നഷ്ടപെടുത്തി. പുനഃപ്രതിഷ്ഠ നടത്താതെ അള്‍ത്താരയില്‍ ഇനി കുര്‍ബാന നടത്തരുതെന്നും വൈദികര്‍ ആവശ്യപ്പെട്ടു. വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടനാണ് മാര്‍പാപ്പയ്ക്ക് കത്ത് അയച്ചത്. അതേസമയം, അതിരൂപതയുടെ ആഭ്യന്തരപ്രശ്നം മാത്രമാണെന്നാണ് സഭ പ്രതികരിച്ചത്.
വിമത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ജനാഭിമുഖമായി മാരത്തോൺ കുർബാന 12 ആം മണിക്കൂറിൽ പിന്നിട്ട ശേഷമാണ് പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ഔദ്യോഗിക പക്ഷ വിശ്വാസികൾ അൾത്താരയിലേക്ക് തള്ളിക്കയറിയത്. കുർബാന അർപ്പിക്കുന്ന ബലിപീഠം പിന്നിലേക്ക് തള്ളി മാറ്റി. വിളക്കുകൾ നിലത്ത് വീണ് ചിന്നിചിതറി. വൈദികരെ അടക്കം കൈയ്യേറ്റം ചെയ്തു. സംഘർഷം അതിരുവിട്ടതോടെ പൊലീസ് ഇരുകൂട്ടരെയും പുറത്താക്കി പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ രൂപക്കൂടിന് അടുത്ത് നിലയുറപ്പിച്ച വിമതവിഭാഗം വൈദികർ പള്ളി വിട്ട് പോകില്ലെന്ന് നിലപാടെടുത്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ അൾത്താരയ്ക്ക് മുന്നിലെ സംഘർഷം തുടർന്നു. പൊലീസെത്തി ഇവരെ പള്ളിയിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി. എന്നാൽ ക്രിസ്മസ് കാലത്ത് പള്ളി അടച്ചിടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിശ്വാസികൾ നിലപാടെടുത്തു. കൂടുതൽ സേനയെ എത്തിച്ച് പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തെങ്കിലും പിന്നെ പള്ളിമുറ്റത്തായി സംഘർഷം. ഒടുവിൽ ഡിസിപിയുടെ മധ്യസ്ഥതയിലുള്ള ചർച്ചയ്ക്ക് തയ്യാറാകണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ട് പൊലീസ് ഇരുവിഭാഗത്തെയും പള്ളിയുടെ ഗേറ്റിന് പുറത്തേക്ക് എത്തിച്ചു.
ഇന്നലെ വൈകീട്ട് 5 മണി മുതലാണ് ഇരുവിഭാഗവും പള്ളിക്കുള്ളിലെത്തി ജനാഭിമുഖവും ഏകീകൃത രീതിയിലുള്ള കുർബാനയും നടത്തി തുടങ്ങിയത്. പല സമയങ്ങളിലായി കുർബാന അർപ്പിക്കണമെന്ന ആവശ്യം രണ്ട് കൂട്ടരോടും ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പാതിര കുർബ്ബാനയും തിരുപ്പിറവി ചടങ്ങും എങ്ങനെ നടത്തണമെന്നതിൽ അതിരൂപത നേതൃത്വം തീരുമാനമെടുക്കും.