ഇന്നത്തെ കാലത്ത് ഒരു കുടുബത്തിന് ജീവിക്കാനുള്ള ചെലവ് ചെറുതൊന്നുമല്ല. എത്രയൊക്കെ പണം ചെലവാക്കിയാലും എന്തെല്ലാം സാധനങ്ങൾ വാങ്ങിയാലും തൃപ്തിയാകുകയുമില്ല. സ്വന്തം ശരീരത്തെപ്പറ്റിയും സാഹചര്യങ്ങളെപ്പറ്റിയുമുളള അപകർഷതയുമായാണ് പലരും ജീവിതം തള്ളി നീക്കുന്നത്. എന്നാൽ അതീവലാളിത്യത്തോടെ വസ്ത്രങ്ങൾ പോലും വേണ്ടെന്നു വെച്ചു ജീവിക്കുന്ന ചിലരും ഈ ഭൂമിയിലുണ്ട്. അത്തരത്തിലുള്ളവരാണ് ഐലത്ത് അൽഫാസിയ, ദിമ ഗേയ്സിങ്കി ദമ്പതികൾ. ഇവരുടെ ജീവിതം ഏറെ കൗതുകം നിറഞ്ഞതാണ്.
ഇരുവരുടെയും ഭക്ഷണം പലപ്പോഴും പഴങ്ങളും പച്ചക്കറികളും മാത്രമാണ്. ഇടയ്ക്കൊക്കെ ചില കായകളും കഴിക്കും. എന്നാൽ പുതിയ ജീവിതരീതി തുടങ്ങിയതോടെ ആരോഗ്യം ഏറെ മെച്ചപ്പെട്ടെന്ന് ഇരുവരും പറയുന്നു. പല്ലിൽ ഇടയ്ക്കിടെ കേടുണ്ടാകുന്നത് അവസാനിച്ചു. വല്ലപ്പോഴും മാത്രമാണ് കുളിക്കുന്നതെങ്കിലും ശരീരത്തിൽ ദുർഗന്ധം പോലുമില്ലെന്നും ഇവർ വ്യക്തമാക്കുന്നു. നിലവിൽ ഐലത്തും ദിമയും ഇസ്രയേലിലാണ് താമസിക്കുന്നത്. ദ ഫ്രൂട്ട് കപ്പിൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലും ഇവർ സജീവമാണ്.
പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുന്ന ഫ്രൂട്ടേറിയനിസം നല്ല ജീവിതരീതിയാണെന്നാണ് ഇരുവരും പറയുന്നത്. മറ്റൊന്നും ചെയ്യാതെ ഭക്ഷണരീതിയിൽ മാത്രം മാറ്റം വരുത്തി 20 16 കിലോ ഭാരം കുറയ്ക്കാനായെന്ന് 20കാരനായ ദിമ പറയുന്നു. പ്രകൃതിദത്തമല്ലാത്ത ഒന്നും ഉപയോഗിക്കില്ലെന്ന പ്രതിജ്ഞയിലാണ് നാച്ചുറലിസ്റ്റുകളായ ഇരുവരും. കുളിക്കാൻ സോപ്പ് പോലും ഉപയോഗിക്കുന്ന പതിവില്ല. ഭക്ഷണത്തിനാകട്ടെ മിക്കവാറും ഉപയോഗിക്കുന്നത് പഴങ്ങളാണ്. തോട്ടത്തിൽ നിന്ന് സ്വയം പറിച്ചെടുത്ത കായ്കനികളും ഇലകളും ആഹാരത്തിൻ്റെ ഭാഗമാക്കും. ലാളിത്യമാണ് തങ്ങളുടെ ജീവിതത്തിൻ്റെ മുഖമുദ്ര എന്ന് ഇരുവരും പറയുന്നു.
വസ്ത്രങ്ങളുടെ ബന്ധനമില്ലാതെ ജീവിക്കുന്ന ന്യൂഡിസ്റ്റ് ജീവിതരീതിയാണ് യുവദമ്പതികൾ അവലംബിക്കുന്നത്. ദിവസത്തിൽ സാധിക്കുന്നിടത്തോളം സമയം ഇരുവരും നഗ്നരായി കഴിയും. “നഗ്നത അധികം ചർച്ച ചെയ്യപ്പെടാറില്ല. പലർക്കും നഗ്നത പേടിയുമാണ്. എന്നാൽ ഞങ്ങൾക്ക് അത് ഇഷ്ടമാണ്, പ്രത്യേകിച്ച് തോട്ടത്തിലൂടെ നടന്ന് കാട്ടുമുന്തിരി പറിക്കുമ്പോൾ. നിങ്ങൾ ജനിച്ച് കുറച്ചു കഴിഞ്ഞപ്പോൾ മറ്റാരോ നിങ്ങളെ വസ്ത്രം ധരിപ്പിക്കുകയായിരുന്നു. എന്നാൽ വർഷങ്ങളോളം വസ്ത്രം ധരിച്ച് ഇതിൽ നിന്ന് പുറത്തിറങ്ങാൻ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. നഗ്നരായിരിക്കുക എന്നതാണ് പ്രകൃതിദത്തം. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്, അതിന് ഏറെ സാധ്യതകളുമുണ്ട്. നടക്കാനും ഓടാനും സ്വയം സന്തോഷിക്കാനുമെല്ലാം നഗ്നതയാണ് നല്ലത്. അതിൽ ലജ്ജ തോന്നേണ്ടതില്ല. നമ്മുടെ നഗ്നശരീരം പുറത്തു കാണുന്നതു പോലെ അഭിമാനത്തു കൂടി നടക്കാൻ പറ്റണം. ഞങ്ങളെ സംബന്ധിച്ചിടത്തോളം വസ്ത്രം ധരിക്കുന്നതിലും സാധാരണമായ കാര്യം നഗ്നരായിരിക്കുക എന്നതാണ്.” ദമ്പതികൾ പറയുന്നു.
നല്ല വെള്ളം കിട്ടുന്ന അരുവികളിൽ നിന്നും നീരുറവകളിൽ നിന്നും ശേഖരിക്കുന്ന വെള്ളമാണ് ഇരുവരും കുടിക്കാൻ ഉപയോഗിക്കുന്നത്. പൈപ്പിലൂടെ കിട്ടുന്ന വെള്ളത്തെക്കാളും മിനറൽ വാട്ടറിനെക്കാളും ആരോഗ്യകരം തോട്ടിലെ വെള്ളമാണ് എന്നാണ് ഇരുവരുടെയും വാദം. ലാളിത്യമാണ് തങ്ങളുടെ ജീവിതത്തിൽ സുപ്രധാനം എന്നും ദമ്പതികൾ വ്യക്തമാക്കുന്ന.
സന്തോഷത്തിനായി എന്തെങ്കിലുമൊക്കെ കഴിക്കുന്നതിലും നല്ലത് ഇത്തരത്തിലുള്ള ഭക്ഷണരീതിയാണെന്നും ഇതിനോടകം ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ടെന്നും 23കാരിയായ ഐലത്ത് അൽഫാസിയ പറയുന്നു. പുതിയ ജീവിതരീതി സ്വീകരിച്ചതോടെ ജീവിതം ഏറെ മെച്ചപ്പെട്ടെന്നും ഇരുവരും പറയുന്നു.
ഇത്തരത്തിലുള്ള ജീവിതം വിരസമാണെന്നും മൊത്തം നിയന്ത്രണങ്ങളാണെന്നുമൊക്കെ ആളുകൾ പറയാറുണ്ട്. വേറിട്ട കാര്യങ്ങളൊന്നും ചെയ്യാനില്ലെന്നും പലരും പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള ജീവിതരീതി സ്വീകരിച്ചതോടെ ജീവിതം ഏറെ ആകർഷകരവും രുചികരവുമായി മാറിയെന്നാണ് യുവദമ്പതികളുടെ സാക്ഷ്യം.
നിലവിൽ ഇസ്രയേലിൽ ജൈവരീതിയിൽ പ്രവർത്തിക്കുന്ന ഒരു മാന്തോപ്പിലാണ് ദമ്പതികളുടെ താമസം. ഫ്രൂട്ടേറിയനിസം സ്വീകരിച്ചതോടെ ജീവിതത്തിൽ ഊർജം വർധിച്ചെന്നും ആരോഗ്യം മെച്ചപ്പെട്ടെന്നും ഇവ പറയുന്നു. ദഹനക്കേടും വയറിനെ ബാധിക്കുന്ന പ്രശ്നങ്ങളും ഇപ്പോൾ തീരെയില്ല. മുറിവുകൾ ഉണ്ടായാലും അവ പെട്ടെന്ന് ഉണങ്ങുന്നു. ശരീരത്തെ ദുർഗന്ധവും വായ്നാറ്റവും വരെ മാറി.
മുൻപൊരിക്കൽ ഫ്രൂട്ടേറിയൻ ജീവിതരീതി പരിചയപ്പെടുത്തുന്ന ഒരു ഫേസ്ബുക്ക് പേജിൽ നിന്നാണ് ഇരുവർക്കും പുതിയ ആശയം ലഭിക്കുന്നത്. “ലളിതമായ ഭക്ഷണം, ലളിതമായ വസ്ത്രങ്ങൾ, ലളിതമായ ആശയവിനിമം, ലളിതമായ ജീവിതം. ജീവിതത്തിൽ മറ്റൊന്നും വേണ്ട.” ഐലത്ത് മീഡിയഡ്രമ്മിനോടു പറഞ്ഞു. ഭക്ഷണം പാകം ചെയ്തും പാത്രം കഴുകിയും റെസ്റ്റോറൻ്റുകളിൽ പോയും ആളുകൾ സമയം പാഴാക്കുകയാണെന്നും ദമ്പതികൾക്ക് അഭിപ്രായമുണ്ട്. ആളുകൾ പലപ്പോഴും ഭക്ഷണം കഴിക്കുന്നത് സന്തോഷത്തിനു വേണ്ടിയും മറ്റുള്ളവരോട് ഒപ്പം ചേരാനുമാണെന്നും എന്നാൽ ശരീരത്തിനു ചേരാത്ത ഭക്ഷണം ദീർഘകാലം കഴിക്കുന്നത് ശരിയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
താൻ പതിനാറാം വയസ് മുതൽ കണ്ണട ഉപയോഗിച്ചിരുന്നു എന്നാണ് ദിമ പറയുന്നത്. മുൻപ് സസ്യജന്യ ഭക്ഷണം മാത്രം ഉൾപ്പെട്ട വീഗൻ ഭക്ഷണരീതിയായിരുന്നു പിന്തുടർന്നിരുന്നത്. പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കാൻ തുടങ്ങിയതോടെ തൻ്റെ കാഴ്ച മെച്ചപ്പെട്ടെന്നും ഇപ്പോൾ കണ്ണടയുടെ ആവശ്യം തീരെ ഉണ്ടാകുന്നില്ലെന്നും ദിമ വ്യക്തമാക്കി.
പാകം ചെയ്ത ഭക്ഷണത്തെക്കാൾ വയറിനു നല്ലത് ഫലവർഗങ്ങളാണെന്ന് ദമ്പതികൾ പറയുന്നു. ശരീരത്തിൻ്റെ ഭാരം കുറഞ്ഞതായി തോന്നും. കുറച്ചധികം ഭക്ഷണം കഴിച്ചാലും ക്ഷീണിച്ചതായോ വയർ നിറഞ്ഞതായോ തോന്നില്ല. കൂടാതെ ഉദരരോഗങ്ങളുമില്ല.
സോപ്പിൻ്റെ ഉപയോഗം തീരെ കുറച്ചെങ്കിലും വർഷത്തിൽ കുറച്ചു പ്രാവശ്യം മാത്രം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുമെന്ന് ദിമ സമ്മതിച്ചു. എന്നാൽ ഐലത്ത് ആകട്ടെ സോപ്പും ബോഡി വാഷും ഉപയോഗിക്കുന്നത് നിർത്തിയിട്ട് മൂന്ന് വർഷമായി. എന്നാൽ ശരീരദുർഗന്ധം തീർത്തും ഇല്ലാതായെന്നാണ് ഇവരുടെ വാദം. ത്വക്കിനു സ്വതവേയുള്ള ഗന്ധം ഇഷ്ടപ്പെടാൻ തുടങ്ങിയെന്നും യുവതി പറയുന്നു. പുതിയ ജീവിതരീതി തുടങ്ങിയതോടെ കൂടുതലായി ചിരിക്കാൻ തുടങ്ങിയെന്നും മറ്റുള്ളവരോടു കൂടുതൽ നന്നായി പെരുമാറാൻ ആരംഭിച്ചെന്നുമാണ് യുവതി പറയുന്നത്.
എന്നാൽ പുതിയ ഭക്ഷണരീതിയെപ്പറ്റി തങ്ങളുടെ കുടുംബത്തോട് സംസാരിക്കാൻ ഇരുവർക്കും എളുപ്പമായിരുന്നില്ല. ഐലത്ത് തൻ്റെ ആരോഗ്യം പണയം വെച്ച് പുതിയ ശീലം തുടങ്ങിയെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. എന്നാൽ ഇത് വെറുതെയല്ല. ഫ്രൂട്ടേറിയൻ ഡയറ്റ് അപകടകരമാണെന്നും ഏറെ നിയന്ത്രണങ്ങളുള്ള ഈ ഭക്ഷണരീതി ആരോഗ്യത്തിന് നല്ലതല്ലെന്നുമാണ് ആരോഗ്യവിദഗ്ധരിൽ പലരും പറയുന്നത്. എന്നാൽ ഫ്രൂട്ടേറിയൻ രീതി ഭക്ഷണത്തിൽ മാത്രമല്ലെന്നും പുതിയ ജീവിതരീതി അവലംബിച്ചതോടെ തങ്ങളുടെ ശരീരം കൂടുതലായി ശ്രദ്ധിക്കാൻ ആരംഭിച്ചെന്നും ദമ്പതികൾ പറയുന്നു.