കൊച്ചി:ഹോംഗ്രൗണ്ടായ കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബംഗളൂരു എഫ്സിയെ തകര്‍ത്തുവിട്ട് ഐഎസ്എല്ലില്‍ മിന്നും വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മികച്ച വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. തുടക്കം മുതല്‍ അവസാന വിസില്‍ വരെ കളം നിറഞ്ഞ് കളിച്ച മഞ്ഞപ്പടയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയായിരുന്നു ബംഗളൂരു. മഞ്ഞപ്പടയ്ക്കായി ലെസ്കോവിക്, ദിമിത്രിയോസ്, ജിയാനു എന്നിവരാണ് ഗോളുകള്‍ നേടിയത്. ബംഗളൂരുവിന്റെ ഗോളുകള്‍ സുനില്‍ ഛേത്രിയും ഹാവി ഹെര്‍ണാണ്ടസും പേരില്‍ കുറിച്ചു. ഐഎസ്എലില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയെടുത്തത്.
ഖത്തറില്‍ ലോകകപ്പ് ആവേശം മുറുകുന്നതിനിടെ വീണ്ടും കൊച്ചിയിലേക്ക് എത്തിയ ഐഎസ്എല്‍ മത്സരത്തിനായി മഞ്ഞപ്പട ആരാധകര്‍ ഇരമ്പി എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. അഞ്ചാം മിനിറ്റില്‍ ലൂണയില്‍ നിന്ന് ലഭിച്ച പാസെടുത്ത് കടുത്ത ചാലഞ്ച് നടത്തുന്ന ബംഗളുരു താരങ്ങള്‍ക്കിടയിലൂടെ ദിമിത്രിയോസ് ഷോട്ട് എടുത്തെങ്കിലും പവര്‍ കുറഞ്ഞ് പോയി.
ബംഗളൂരുവിന് ആദ്യ നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് മുന്നില്‍ പിടിച്ച് നില്ക്കാന് സാധിക്കാത്ത അവസ്ഥയായിരുന്നു. ഏഴാം മിനിറ്റില്‍ കെ പി രാഹുലിന്റെ വലതു വിംഗില്‍ വന്ന മികച്ചയൊരു ക്രോസില്‍ ലൂണ ശ്രമിച്ച് നോക്കിയെങ്കിലും തലവയ്ക്കാനായില്ല. ലോംഗ് ബോളിലൂടെ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പന്ത് എത്തിക്കാനാണ് ബംഗളൂരു ശ്രമിച്ച് കൊണ്ടിരുന്നത്. പക്ഷേ, കൃത്യമായി മുന്നേറ്റ നിരയിലേക്ക് എത്തിക്കുന്നതില്‍ അവര്‍ നിരന്തരം പരാജയപ്പെട്ട് കൊണ്ടിരുന്നു.
12-ാം മിനിറ്റില്‍ അത്തരമൊരു ലോംഗ് ബോള്‍ കൃത്യമായി സുനില്‍ ഛേത്രിയിലേക്ക് വന്നപ്പോള്‍ കേരളത്തിനത് കണ്ണീരായി മാറി. ഛേത്രിയെ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ഗില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി വിധിക്കപ്പെട്ടു. വളരെ കൂളായി തന്നെ ഇന്ത്യന്‍ ഇതിഹാസം ഛേത്രി ഗോള്‍ കുറിച്ചു. ഗോള്‍ വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഉണര്‍ന്നു കളിച്ചു.
22-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം ലഭിച്ചു. ലൂണ – ദിമിത്രിയോസ് എന്നിവര്‍ ചേര്‍ന്ന സുന്ദരന്‍ പാസിംഗിന് ഒടുവില്‍ രാഹുലിന് പന്ത് കിട്ടുമ്പോള്‍ ബംഗളൂരു ഗോള്‍ കീപ്പര്‍ മാത്രമാണ് മുന്നിലുണ്ടായിരുന്നത്.മലയാളി താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോകുന്നത് വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയായിരുന്നു മഞ്ഞപ്പട ആരാധകര്‍. 23-ാം മിനിറ്റില്‍ ദിമിത്രിയോസിനെ സന്ദേശ് ജിങ്കന് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ ലൂണയെടുത്ത ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചു തെറിച്ചു. വീണ്ടും പന്ത് കൈക്കലാക്കിയ മഞ്ഞപ്പട ബോക്സിലേക്ക് ക്രോസ് എത്തിച്ചു. ബംഗളൂരു പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്ത് ലെസ്കോവിക് എടുത്ത ഷോട്ട് ഗുര്‍പ്രീതിനെ കടന്ന് വലയില്‍ കയറി.
വീണ്ടും ഒരുപാട് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ഉണ്ടാക്കിയെടുത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. പക്ഷേ, ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ആദ്യമായി ലീഡ് നേടിയെടുത്തു. നിഷു കുമാറില്‍ നിന്ന് വലതു വിംംഗില്‍ ലഭിച്ച പാസ് ലുണ ലോ ക്രോസായി ബോക്സിലേക്ക് നല്കി. ഓടിയെത്തിയ ദിമിത്രിയോസ് വല ചലിപ്പിക്കുമ്പോള്‍ ഗുര്‍പ്രീത് നിസഹായനായിരുന്നു.
രണ്ടാം പകുതിയിലും കളത്തില്‍ നിറഞ്ഞുനിന്നത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. വണ്‍ ടച്ച് പാസ് നല്കി മഞ്ഞപ്പട മുന്നേറുന്നത് കാണാന്‍ തന്നെ അഴകായിരുന്നു. 56-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ഗില്ലിന്റെ പൊസിഷന്‍ മനസിലാക്കി റോയ് കൃഷ്ണ ഏകദേശം മൈതാന മധ്യത്ത് നിന്ന് ഒരു ഷോട്ടിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള ബംഗളൂരുവിന്റെ തളര്‍ന്ന പ്രതിരോധത്തെ കടന്ന് ബ്ലാസ്റ്റേഴ്സ് എപ്പോള്‍ ഗോള്‍ നേടുമെന്ന കാര്യത്തില്‍ മാത്രമാണ് സംശയങ്ങള്‍ ഉണ്ടായിരുന്നത്.
അതിന് ഉത്തരം നല്‍കിയത് പകരക്കാരനായി വന്ന ജിയാനു ആണ്. 70-ാം മിനിറ്റില്‍ ബംഗളൂരു താരത്തിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് ബ്ലാസ്റ്റേഴ്സ് കുതിച്ചു. ബോക്സിലേക്ക് വന്ന പന്ത് ജിയാനു ഒരു ടച്ച് എടുത്ത് ഗുര്‍പ്രീതിനെയും മറികടന്ന് വലയിലേക്ക് തഴുകി വിട്ടു. 80 -ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി ബംഗളൂരു ഒന്ന് ഞെട്ടിച്ചു. വീണ്ടുമൊരു ലോംഗ് ബോളാണ് ആതിഥേയര്‍ക്ക് വിനയായത്. ഉയര്‍ന്നെത്തിയ പന്ത് ഹെഡ് ചെയ്ത് ദൂരത്തേക്ക് അകറ്റാന്‍ ഹോര്‍മിപാമിന് സാധിക്കാതെ പോയതോടെ പറന്നെത്തിയ ഹാവി ഹെര്‍ണാണ്ടസിന്റെ ഇടംകാലന്‍ ഷോട്ട് ബ്ലാസ്റ്റേഴ്സ് വല തുളച്ചു. പിന്നീട് പ്രതിരോധത്തിലേക്ക് ഊന്നിയ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ നിയന്ത്രിച്ച് നിര്‍ത്തി മികച്ച വിജയം സ്വന്തമാക്കി.