ദോഹ: ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്. ഗ്രൂപ്പുഘട്ടത്തില്‍ത്തന്നെ പല വമ്പന്‍മാരും വീണപ്പോള്‍ ഒട്ടുമിക്ക സൂപ്പര്‍ ടീമുകളും ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തിട്ടുണ്ട്. ജര്‍മനി, ബെല്‍ജിയം, സ്‌പെയിന്‍ ടീമുകളൊന്നും ക്വാര്‍ട്ടറിലേക്ക് മുന്നേറിയില്ലെങ്കിലും ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ ആരാധകരുടെ പ്രിയപ്പെട്ട ടീമുകളെല്ലാം പോരാട്ടം കടുപ്പിച്ച് ക്വാര്‍ട്ടറിലേക്കെത്തിയിട്ടുണ്ട്.
ആരാധകര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന ടീമുകളാണ് ലയണല്‍ മെസിയുടെ അര്‍ജന്റീനയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും. മെസി ലോകകപ്പില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുമ്പോഴും റൊണാള്‍ഡോക്ക് പഴയ മികവ് കാട്ടാനാവുന്നില്ല. മെസി-റൊണാള്‍ഡോ നേര്‍ക്കുനേര്‍ പോരാട്ടം കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. അത് സംഭവിക്കണമെങ്കില്‍ ഫൈനലില്‍ അര്‍ജന്റീന-പോര്‍ച്ചുഗല്‍ പോരാട്ടമെത്തണം. അത് എങ്ങനെ സാധ്യമാകും? പരിശോധിക്കാം.
ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളി നെതര്‍ലന്‍ഡ്‌സാണ്. മികച്ച ഫോമിലുള്ള നെതര്‍ലന്‍ഡ്‌സിനെ കീഴ്‌പ്പെടുത്തുക അര്‍ജന്റീനക്ക് കടുപ്പമാണ്. ക്വാര്‍ട്ടര്‍ കടന്നാല്‍ അര്‍ജന്റീന നേരിടേണ്ടി വരിക ക്രൊയേഷ്യയേയോ ബ്രസീലിനെയോ ആവും. ഇതിലാരെന്നത് ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം തീരുമാനിക്കാം. സെമിയിലും അര്‍ജന്റീനക്ക് വെല്ലുവിളികളേറെ. ക്രൊയേഷ്യ വന്നാല്‍ കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാവും. എന്നാല്‍ ചിരവൈരികളായ ബ്രസീലെത്തിയാല്‍ അര്‍ജന്റീനക്ക് കാര്യങ്ങള്‍ കടുപ്പമാവുമെന്നുറപ്പ്. ലയണല്‍ മെസിയുടെ പ്രകടനത്തിന്റെ കരുത്തിലാവും അര്‍ജന്റീനയുടെ മുന്നേറ്റം. അതുകൊണ്ട് തന്നെ എല്ലാ കണ്ണുകളും മെസിയിലേക്കാണ്.
ഗംഭീര ജയത്തോടെ ക്വാര്‍ട്ടറിലേക്ക് മുന്നേറിയ പോര്‍ച്ചുഗലിന് അവസാന എട്ടില്‍ എതിരാളികളാവുക മൊറോക്കോയാവും. അട്ടിമറി വീരന്മാരായ മൊറോക്കോയോട് എളുപ്പത്തില്‍ ജയിക്കാന്‍ പോര്‍ച്ചുഗലിനാവില്ല. ഈ കടമ്പ പിന്നിട്ടാലും സെമിയില്‍ വമ്പന്‍ എതിരാളിയാണ് പറങ്കിപ്പടയെ കാത്തിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സോ കരുത്തരായ ഇംഗ്ലണ്ടോ ആവും സെമിയില്‍ പോര്‍ച്ചുഗലിന്റെ എതിരാളികളാവുക. റൊണാള്‍ഡോയുടെ ഫോം ഔട്ട് മാറ്റിനിര്‍ത്തിയാലും പോര്‍ച്ചുഗല്ലിന് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള മറ്റ് താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷകളേറെ.
ലയണല്‍ മെസി വിശ്വകീരീടം നേടി ബൂട്ടഴിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ ടീമുകളിലൊന്നിനെയാവും ഫൈനലിലെത്തിയാല്‍ അര്‍ജന്റീനക്ക് നേരിടേണ്ടി വരിക. ഇതില്‍ പോര്‍ച്ചുഗല്‍ എതിരാളികളായി എത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തങ്ങളുടെ അവസാന ലോകകപ്പ് കളിക്കുന്ന മെസിയും റൊണാള്‍ഡോയും ലോകകപ്പിനായി ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തിയാല്‍ അത് ആരാധകര്‍ക്ക് മറക്കാനാവാത്ത മത്സരമായി മാറുമെന്നുറപ്പ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഉടക്കി ടീം വിട്ടത് റൊണാള്‍ഡോയുടെ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം. റൊണാള്‍ഡോക്ക് പ്രതീക്ഷിച്ച മികവ് ഇത്തവണ കാട്ടാനാവുന്നില്ല. സ്വിറ്റര്‍സര്‍ലന്‍ഡിനെ 6-1ന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തുന്നത്. എന്നാല്‍ ഈ മത്സരത്തില്‍ റൊണാള്‍ഡോയെ ആദ്യ 11ല്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരക്കാരന്റെ റോളിലായിരുന്നു റൊണാള്‍ഡോയെ കളത്തിലിറക്കിയത്. റൊണാള്‍ഡോയ്ക്ക് പകരക്കാരനായെത്തിയ റാമോസ് ഹാട്രിക് ഗോളുമായി കൈയടി നേടുകയും ചെയ്തു. ഈ അവസരത്തില്‍ മൊറോക്കോയ്‌ക്കെതിരേയും റൊണാള്‍ഡോ ആദ്യ 11 ബെഞ്ചിലിരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇത്തവണ ബ്രസീല്‍ കരുത്തരുടെ നിരയാണ്. ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെക്കുന്ന സൂപ്പര്‍ താരങ്ങളുടെ വലിയ നിര ബ്രസീലിനൊപ്പമുണ്ട്. നെയ്മര്‍ പരിക്ക് ഭേദമായി ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ അവര്‍ കൂടുതല്‍ കരുത്തരായി മാറി. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍. ക്രൊയേഷ്യ നിസാരക്കാരുടെ നിരയല്ലാത്തതിനാല്‍ ബ്രസീലിന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നേക്കും. എന്തായാലും ആരൊക്കെ തമ്മിലാവും ഫൈനല്‍ പോരാട്ടമെന്നത് കാത്തിരുന്ന് തന്നെ നമുക്ക് കാണാം.