കോട്ടയം∙ ശശി തരൂർ എംപിക്കെതിരെ കോൺഗ്രസിൽ വീണ്ടും പടയൊരുക്കം. തരൂരിനെതിരെ കെപിസിസി അച്ചടക്കസമിതിക്ക് കോട്ടയം ഡിസിസി പരാതി നൽകും. തരൂർ പങ്കെടുക്കുന്ന ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ അറിയിച്ചു. പാർട്ടി ചട്ടക്കൂട് മറികടക്കുന്നതിന് കൂട്ടുനിൽക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാല്‍ തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ലെന്ന നിലപാടിലാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും. നാട്ടകം സുരേഷ് തിരുവഞ്ചൂരുമായി കൂടിക്കാഴ്ച നടത്തി. ശശി തരൂരിന്റെ തെക്കൻ ജില്ലകളിലെ പര്യടന പരിപാടി ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇരുവരുടെയും പ്രതികരണം. തരൂരിന്റെ മലബാർ പര്യടനം കോൺഗ്രസിൽ വൻ വിവാദമായിരുന്നു.
ഇന്ന് പാലായിൽ കെ.എം.ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്ന തരൂർ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണും. വൈകിട്ട് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് പരിപാടിയിലും നാളെ പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും എത്തുന്ന തരൂർ വൈകിട്ട് മറൈൻ ഡ്രൈവിൽ ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തിൽ അതിഥിയാണ്. മറ്റന്നാൾ രാവിലെ കർദിനാൾ മാർ ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയും പര്യടന പരിപാടിയിൽ ഉണ്ട്. ഡൽഹിയിൽനിന്ന് ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തുന്ന തരൂർ വെള്ളയമ്പലം ബിഷപ് ഹൗസിൽ എത്തി ചർച്ചയ്ക്കു ശ്രമിക്കുന്നുണ്ട്.