ന്യൂഡല്‍ഹി: 2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് നല്‍കിയ അരിയുടെ വില ഉടന്‍ നല്‍കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. 205.81 കോടി രൂപ തിരിച്ചടച്ചില്ലെങ്കില്‍ വരുംവര്‍ഷത്തെ എസ്.ഡി.ആര്‍.എഫില്‍നിന്ന് തിരിച്ചുപിടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് പണം തിരിച്ചടക്കാന്‍ കേരളം തീരുമാനിച്ചു.
2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ സഹായമായി അരി അനുവദിച്ചിരുന്നു. ഈ അരിയുടെ വില അടക്കാനാണ് ഇപ്പോള്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. നേരത്തേതന്നെ ഈ പണമടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതുസംബന്ധിച്ച നിരവധി കത്തിടപാടുകള്‍ കേന്ദ്രവും കേരളവും തമ്മില്‍ നടന്നിട്ടുണ്ട്.
പണമടക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തിനുമേല്‍ എഫ്.സി.ഐ.യുടെ സമ്മര്‍ദം മുറുകിയതോടെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ ഈ പണമടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ തന്നെ കേരളത്തിന് കത്തെഴുതി.
പ്രളയസഹായമായി എഫ്.സി.ഐ.യില്‍നിന്ന് അനുവദിച്ച അരിയുടെ വില അടിയന്തരമായി തിരിച്ചടച്ചില്ലെങ്കില്‍ അടുത്ത തവണത്തെ എസ്.ഡി.ആര്‍.എഫിലേക്ക് കേന്ദ്രത്തിന്റെ സഹായമായിവരുന്ന തുകയില്‍നിന്ന് കുറവ് വരുത്തുമെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.
നേരത്തേ മഹാപ്രളയകാലത്ത് നാവിക സേനയുടെയും വ്യോമസേനയുടെയും സഹായത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു. എന്നാല്‍ അന്ന് മുഖ്യമന്ത്രി പലതവണ കത്തയച്ചതിനെ തുടർന്ന് ഫീസ് ഈടാക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങി. ഇതു പരിഗണിച്ചാണ് ഇപ്രാവശ്യവും കത്തയച്ചത്. എന്നാല്‍ കേന്ദ്രം അന്ത്യശാസനം നല്‍കിയതോടെ പണമടക്കാന്‍ തീരുമാനിക്കുകയായിരുന്നു.