മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിലെ അറുപത്തിയെട്ടുകാരനായ മുൻ ജനപ്രതിനിധിയെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ കൈക്കലാക്കിയ വ്ലോഗറും ഭർത്താവും പണം ആവശ്യപ്പെട്ടത് ഹോട്ടൽ ബിസിനസ് തുടങ്ങാനാണെന്നും പറഞ്ഞു. എന്നാൽ 23 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിന്നീട് നയിച്ചത് ആഡംബര ജീവിതം. പുത്തൻകാറും വാങ്ങി യാത്രകൾ പോയി വീഡിയോകൾ ചെയ്തതും 68 കാരൻ നൽകിയ പണം കൊണ്ടാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ചു ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണെന്നു അന്വേഷണ ഉദ്യോഗസ്ഥനായ കൽപകഞ്ചേരി എസ്ഐ പറഞ്ഞു.
വ്ലോഗറായ താനൂർ സ്വദേശിനി റാഷിദ (30), ഭർത്താവ് നാലകത്ത് നിഷാദ് (36) എന്നിവരെയാണ് കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പല തവണകളായി യുവതിയും ഭർത്താവും ചേർന്ന് 23 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. മലായ് മല്ലു എന്ന യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്യുന്നവരാണ് പ്രതികൾ. മലയ് മല്ലൂസ് എന്നാണ് റാഷിദയുടെ വ്ലോഗിന്റെ പേര്. 68 കാരനെ ഹണിട്രാപ്പിൽപെടുത്തി പണം തട്ടിയതു ഇവർ താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ചു തന്നെയായിരുന്നു. പിന്നീട് അറസ്റ്റിലാവുന്നതിന്റെ ഒരാഴ്ച്ച മുമ്പാണ് ആലുവയിലെ ഫ്ലാറ്റ് ഒഴിവാക്കി തൃശൂരിൽ വാടക വീട് എടുത്തത്.
എണ്ണായിരം രൂപയാണ് തൃശൂരിൽ ഇവർ താമസിക്കുന്ന വീടിന്റെ വാടക. പേരിന് വ്ലോഗുണ്ടെങ്കിലും ഇതിൽ നിന്നും കാര്യമായ വരുമാനമൊന്നും ഇല്ലെന്നും ഏതെങ്കിലും വിധത്തിൽ പണം സമ്പാദിച്ച് നല്ല രീതിയിൽ ജീവിക്കണമെന്ന് ദമ്പതികൾ തീരുമാനിച്ചിരുന്നതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനാണ് 68 കാരനെ തന്നെ കരുവാക്കിയത്. സാമ്പത്തികമായി ഉന്നതയിലുള്ള ഇദ്ദേഹത്തെ അങ്ങോട്ടുചെന്ന് പ്രലോഭിപ്പിച്ചാണ് റാഷിദ വശത്താക്കിയത്. തങ്ങൾക്ക് ജീവിക്കാൻ പ്രയാസകരമായ അവസ്ഥയാണെന്നും ഭർത്താവ് ഹാട്ടൽ ബിസിനസ് ആരംഭിക്കാനാണെന്നും പറഞ്ഞാണ് പണം തട്ടിയെടുത്തത്.
ആദ്യം കഴിയുന്ന രീതിയിൽ ഇയാൾ സഹായം നൽകിയെങ്കിലും പിന്നീടാണിത് ചതിയാണെന്നും എത്ര നൽകിയാലും അവസാനിക്കാത്ത ചതിക്കുഴിയിലാണ് താൻ എത്തിയതെന്നും 68 കാരനും മനസിലായത്. പിന്നീട് ആലുവയിലെ ഫ്ലാറ്റിൽ വെച്ച് തന്നോടൊപ്പം പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി തുടങ്ങി. ഒരു വർഷത്തോളമാണ് തവണകളായി 23 ലക്ഷം രൂപ തട്ടിയെടുത്തത്. താനൂരിൽ നിന്നും കിലോമീറ്ററുകൾ വ്യത്യാസമുള്ള മലപ്പുറം കൽപകഞ്ചേരി സ്വദേശിയായ 68 കാരനാണ് ഹണിട്രാപ്പിന് ഇരയായത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രമുഖ വ്യാപാരിയായ 68 കാരന് റാഷിദ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. ഫേസ്ബുക്ക് വഴി സൗഹൃദ്യം സ്ഥാപിച്ച് ഇരുവരും തമ്മിൽ ചാറ്റിങ്ങും പതിവായി. ഫേസ്ബുക്ക് വഴി 68 കാരനുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ റാഷിദയ്ക്ക് കഴിഞ്ഞു. ഇതിനിടയിൽ ചെറിയ സാമ്പത്തിക സഹായങ്ങൾ റാഷിദയ്ക്ക് ചെയ്തുകൊടുത്തിട്ടുമുണ്ടെന്നാണ് വിവരം. സൗഹൃദം വളർന്നതോടെ നേരിട്ട് കാണണമെന്ന് റാഷിദ ആവശ്യപ്പെടുകയായിരുന്നു. റാഷിദയുടെ ക്ഷണപ്രകാരമാണ് 68 കാരൻ ആലുവയിലെ ഫ്ലാറ്റിൽ എത്തുന്നത്.
തന്റെ ഭർത്താവ് പ്രശ്‌നക്കാരനൊന്നുമല്ലെന്നും പേടിക്കേണ്ടതില്ലെന്നുമാണ് റാഷിദ 68 കാരനെ വിശ്വസിപ്പിച്ചത്. ഭർത്താവ് ഇതിനെല്ലാം സമ്മതം നൽകുന്നയാളാണെന്നാണ് റാഷിദ പറഞ്ഞിരുന്നത്. റാഷിദയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് ഫ്ലാറ്റിലെത്തിയ 68 കാരനെ ദമ്പതികൾ രഹസ്യമായി കുടുക്കുകയായിരുന്നു. ഫ്ലാറ്റിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ച് റാഷിദയും നിഷാദും ചേർന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ചാണ് പിന്നീട് ഭീഷണി തുടർന്നത്. കേസിൽ അറസ്റ്റിലായ റാഷിദയ്ക്ക് ഇടക്കാല ജാമ്യം ലഭിച്ചു. അതേ സമയം കേസിൽ റാഷിദയോടൊപ്പം തന്നെ പങ്കാളിയായ ഭർത്താവ് നാലകത്ത് നിഷാദിനെ തിരൂർ സബ് ജയിലിൽ റിമാൻഡിലാക്കി. നിഷാദിനെ കൂടുതൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കേസന്വേഷിക്കുന്ന കൽപകഞ്ചേരി പോലീസ്.