ഞാന്‍ ഗാനിം അല്‍ മുഫ്താഹ്. കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച് അരയ്ക്ക് താഴെ വളര്‍ച്ച മുരടിച്ചവനാണ് ഞാന്‍. നട്ടെല്ലിന്റെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന രോഗമാണിത്. എന്നാല്‍ ഇതിലൊന്നും എന്റെ മാതാപിതാക്കള്‍ തളര്‍ന്നിരുന്നില്ല. എന്റെ പേര് തന്നെ അതിനുള്ള തെളിവാണ്. പോര്‍ക്കളങ്ങളിലെ വിജയി എന്ന് അര്‍ഥം വരുന്ന ഗാനിം എന്ന പേരാണ് അവര്‍ എനിക്കായി തിരഞ്ഞെടുത്തത്.
നമുക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ സ്വപ്നമെല്ലാം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്വപ്നങ്ങളില്‍ നിന്ന് നിങ്ങളെ പിടിച്ചുകെട്ടാന്‍ ആര്‍ക്കും കഴിയില്ല.’ മാസങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി ഗാനിമിനെ പരിചയപ്പെടുത്തി ഫിഫ ട്വീറ്റ് ചെയ്ത വീഡിയോയിലെ വാക്കുകളാണിത്.
എല്ലാവര്ക്കും പ്രചോദനമാകുന്ന ഈ വാക്കുകള്‍ വെറുതെയല്ലെന്ന് ലോകകപ്പിലെ ഉദ്ഘാടനച്ചടങ്ങളില് ഗാനിം തെളിയിച്ചു. അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ ചടങ്ങിന് ഖുര്‍ആന്‍ പാരായണത്തോടെ തുടക്കമിട്ടത് ഗാനിമായിരുന്നു. ഇതിന് പിന്നാലെ ഹോളിവുഡ് നടന് മോര്ഗന് ഫ്രീമാനൊപ്പമുള്ള ഗാനിമിന്റെ ഒരു ചിത്രവും ലോകം ഏറ്റെടുത്തു. ചടങ്ങിനിടെ തന്റെ താരപരിവേഷങ്ങളെല്ലാം അഴിച്ചുവെച്ച് മോര്ഗന് ഫ്രീമാന്‍ നിലത്തിരുന്ന് ഗാനിമിനോട് സംസാരിക്കുന്നതാണ് ആ ചിത്രം.
2002 മെയ് അഞ്ചിനാണ് ഗാനിം ജനിച്ചത്. ഗര്‍ഭാവസ്ഥയില്‍തന്നെ അവന്റെ രോഗം സ്ഥിരീകരിച്ചിരുന്നു. ഭിന്നശേഷിയുള്ള കുഞ്ഞ് പിറന്നാല്‍ അത് ജീവിതകാലം മുഴുവന്‍ സങ്കടം നല്‍കുമെന്ന് പറഞ്ഞ് ഗര്‍ഭഛിദ്രം നടത്താന്‍ പലരും മാതാപിതാക്കളെ ഉപദേശിച്ചു. എന്നാല്‍ അവര്‍ അത് കേട്ടില്ല. ഗാനിമിന്റെ കാലുകളായി അവര്‍ കൂടെനിന്നു. ഇതോടെ ഗര്‍ഭാവസ്ഥയില്‍തന്നെ ആദ്യ പോരാട്ടം വിജയിച്ച് അവന് ഭൂമിയിലേക്ക് പിറന്നുവീണു.
പക്ഷേ പിന്നീടുള്ള യാത്ര കഠിനമായിരുന്നു. സ്കൂള്‍ പഠനകാലത്ത് സഹപാഠികളില്‍ പലരും അവനെ പരിഹസിച്ചു. എന്നാല്‍ അവരുടെയെല്ലാം മനസ് മാറ്റിയെടുക്കാന്‍ ഗാനിമിന് കഴിഞ്ഞു. തന്റെ രോഗത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കി കൊടുത്തു. പിന്നീട് ആ രോഗം ഗാനിമിന്റെ വളര്‍ച്ച മാത്രമേ മുരടിപ്പിച്ചുള്ളു. തന്റെ ജീവിതത്തെ മുരടിപ്പിക്കാന്‍ ആ 20-കാരന് സമ്മതിച്ചില്ല.
ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായി അവന് മാറി. ആറ് ശാഖകളും 60 ജീവനക്കാരുമുള്ള ഗരിസ്സ ഐസ്ക്രീം എന്ന കമ്പനിയുടമയാണ് ഗാനിം. ഖത്തറിലെ പ്രമുഖ യൂട്യൂബ് വ്ളോഗര്‍ കൂടിയായ ഗനീം അല്‍ മുഫ്താഹിന് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ അംബാസഡര്‍, ഗുഡ്വില് അംബാസഡര്‍ എന്നീ നിലകളില്‍ അവന് പ്രശസ്തിയുടെ പടവുകള്‍ കയറി.
കായിക ഇനങ്ങള്‍ തന്റെ ജീവിതത്തിന്റെ പ്രധാന ഘടകമാണെന്ന് തന്റെ വ്യക്തിഗത വളര്‍ച്ചയ്ക്ക് ഇക്കാര്യം ഏറെ പ്രയോജനപ്പെട്ടെന്നും ഗാനിം നേരത്തെ പറഞ്ഞിരുന്നു. ഒന്നാന്തരം നീന്തല്‍ താരവും സ്കൂബ ഡൈവറും കൂടിയാണ് അദ്ദേഹം.