കോട്ടയം: കോട്ടയം മറിയപ്പള്ളി കാവനാല്‍കടവില്‍ മണ്ണിടിഞ്ഞു അപകടത്തില്‍ പെട്ട അതിഥി തൊഴിലാളി സുശാന്തിന്റെ ജീവന്‍ രക്ഷിച്ച എല്ലാവരേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട സുശാന്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് നടത്തിയ കൃത്യമായ ഇടപെടലുകളാണ് സുശാന്തിന്റെ ജീവന്‍ രക്ഷിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘ഫയര്‍ഫോഴ്‌സും പൊലീസും, നാട്ടുകാരും ചേര്‍ന്ന സംയുക്തമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുശാന്തിനെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഈ ശ്രമകരമായ ദൗത്യത്തിന് മുന്നില്‍ നിന്ന സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സ്‌നേഹപൂര്‍വ്വം അഭിനന്ദിക്കുന്നു’, മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മതില്‍ നിര്‍മ്മിക്കുന്നതിനായുള്ള ജോലികള്‍ നടക്കുന്നതിനിടെയാണ് രാവിലെ മണ്ണിടിഞ്ഞുവീണത്. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണ് ഇടിഞ്ഞു വീണത് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കിയിരുന്നു. കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ എത്തിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കോട്ടയം മറിയപ്പള്ളി കാവനാല്‍കടവില്‍ മണ്ണിടിഞ്ഞു അപകടത്തില്‍ പെട്ട അതിഥി തൊഴിലാളി സുശാന്തിനെ രണ്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് സുശാന്ത് കൂടുതല്‍ ആഴത്തിലേക്ക് പോകുകയായിരുന്നു.
നിമിഷ നേരത്തിനുള്ളില്‍ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് സുശാന്തിന് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും, പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാന്‍ മുകള്‍ഭാഗത്ത് കവചം തീര്‍ത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയുമാണുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും, നാട്ടുകാരും ചേര്‍ന്ന സംയുക്തമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുശാന്തിനെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഈ ശ്രമകരമായ ദൗത്യത്തിന് മുന്നില്‍ നിന്ന സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സ്‌നേഹപൂര്‍വ്വം അഭിനന്ദിക്കുന്നു.