ഫുട്‌ബോള്‍ മിശിഖായ്ക്ക് ഖത്തറില്‍ വരവേല്‍പ്പ്,ശിങ്കാരിമേളം കൊട്ടി സ്വീകരിച്ച്‌ അര്‍ജന്റീന ആരാധകര്‍

ദോഹ:സന്നാഹ മത്സരത്തില്‍ യുഎഇക്കെതിരായ മിന്നും ജയത്തിന് ശേഷം മിശിഹായും സംഘവും ഖത്തറില്‍. ഫുട്‌ബോളിലെ വിശ്വ കിരീടത്തിനായി ഖത്തറിലെ ടീം ബേസിലേക്ക് എത്തിയ അര്‍ജന്റീന സംഘത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. അര്‍ജന്റീനയുടെ ജഴ്‌സിയുമണിഞ്ഞ് ബാനറുകളുമേന്തി കാത്തിരുന്ന ആരാധകകൂട്ടം സൂപ്പര്‍ താരം മെസ്സിയെത്തിപ്പോള്‍ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് താരത്തെ സ്വീകരിച്ചത്.

ടീമെത്തുന്നതും കാത്ത് നിരവധി ആരാധകരാണ് ഖത്തറിലെ അര്‍ജന്റീനിയന്‍ ബേസ് ക്യാമ്പിനരികില്‍ തടിച്ചുകൂടിയത്. ചെണ്ടയും ഇലത്താളവുമെല്ലാമായി വന്‍ വരവേല്‍പ്പാണ് ഫുട്‌ബോളിന്റെ മിശിഹായ്ക്കായി ആരാധക സംഘം ഒരുക്കിയത്. ഉത്സവങ്ങളിലും മറ്റ് ആഘോഷപരിപാടികളിലും കണ്ട് ശീലിച്ച ശിങ്കാരിമേളത്തെ ഖത്തറിലുമെത്തിച്ചിരിക്കുകയാണ് അര്‍ജന്റീന ആരാധകര്‍. ഇന്ത്യക്ക് പുറമെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും നിരവധി ആരാധകര്‍ സ്ഥലത്തെത്തിയിരുന്നു.

ലോകകപ്പിന് മുന്നോടിയായി ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ യുഇക്കെതിരെ മിന്നും വിജയമാണ് ടീം നേടിയത്. ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീന നാല് ഗോളിന് മുന്നില്‍ എത്തിയിരുന്നു. ഇതില്‍ ആദ്യ പകുതിയിലെ അവസാന മിനുട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോളാണ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയത്. എയ്ഞ്ചല്‍ ഡി മരിയ ആദ്യ പകുതിയില്‍ ഡബിള്‍ നേടിയപ്പോള്‍ ജൂലിയന്‍ അല്‍വാരസ് ഒരു ഗോള്‍ സ്വന്തമാക്കി.

എന്നാല്‍ രണ്ടാം പകുതിയില്‍ ഒരു തവണ മാത്രമാണ് അര്‍ജന്റീന യുഎഇയുടെ വല കുലുക്കിയത്. 60-ാം മിനുട്ടില്‍ ജാക്വയിനായിരുന്നു അര്‍ജന്റീനക്കായി ഗോള്‍ നേടിത്. ഇതോടെ അര്‍ജന്റീനയുടെ വിജയം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News