കൊച്ചി:ഭാഗ്യനടി എന്ന് തുടക്കം മുതല്‍ വിശേഷിപ്പിക്കുന്ന താരസുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച സിനിമകളെല്ലാം നായകന്മാരെക്കാളും മനോഹരമാക്കുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തതോടെയാണ് ഐശ്വര്യ തരംഗമാവുന്നത്. ഏറ്റവുമൊടുവില്‍ തമിഴില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയിലാണ് ഐശ്വര്യ അഭിനയിച്ചത്.
പൂങ്കൂഴലി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. താനിത്ര വലിയ നടിയായെങ്കിലും വീട്ടുകാര്‍ക്ക് വലിയ താല്‍പര്യമൊന്നുമില്ലെന്നാണ് നടി പറയുന്നത്. ഇപ്പോഴും തന്നെയൊന്ന് അടുത്ത് കിട്ടാത്തതിന്റെ പരിഭവം അവര്‍ പറയാറുണ്ടെന്നും ഐശ്വര്യ വെളിപ്പെടുത്തുന്നു.
‘എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. പക്ഷേ ആ സമയത്ത് ഒരു കാസ്റ്റിങ് കോള്‍ കണ്ടു. വെറുതേ ഒരു രസത്തിനാണ് ഫോട്ടോസ് അയക്കുന്നത്. അതിന് ശേഷം അല്‍ത്താഫിനെ കണ്ടു. എന്റെ ആദ്യ സംവിധായകനാണ് അല്‍ത്താപ്. ഞണ്ടുകളുടെ ഒരിടവേളയുടെ സിനോപ്‌സിസ് അദ്ദേഹം ഫോണില്‍ കാണിച്ച് തന്നു. ഇത് വായിച്ചോളൂ ഇതാണ് സിനിമയെന്ന് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ ലുക്ക് ടെസ്റ്റ് വെച്ചു. അതിന് ശേഷമാണ് കഥാപാത്രത്തെ കിട്ടിയതെന്ന്’, ഐശ്വര്യ പറയുന്നു.
ആ സിനിമയില്‍ അഭിനയിച്ചത് കൊണ്ടാണ് നല്ലൊരു നടിയാവണമെന്ന് തോന്നിയത്. അവിടം മുതലാണ് സിനിമയോടുള്ള ആഗ്രഹം കൂടിയത്. നന്നായി അഭിനയിക്കണം, നല്ല നടിയാവണം, എന്നൊക്കെ ആഗ്രഹിച്ചു. വളരെ മോശമായിട്ടാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചതെന്ന് എനിക്ക് തന്നെ അറിയാം. പക്ഷേ അതില്‍ നിന്നും എനിക്ക് കിട്ടിയത് മുന്നോട്ട് പോവാനുള്ള ഊര്‍ജമാണ്. എന്റെ കഴിവിന്റെ മാക്‌സിമം സിനിമയ്ക്ക് വേണ്ടി കൊടുക്കണമെന്ന് തോന്നി.
ഞണ്ടുകളുടെ വീട്ടില്‍ ഒരിടവേളയുടെ പാക്കപ്പ് ദിവസം ഞാന്‍ വല്ലാതെ കരഞ്ഞിരുന്നെന്നും ഐശ്വര്യ പറഞ്ഞു. അന്ന് സെറ്റും അതിലെ ആള്‍ക്കാരെയുമൊക്കെ എനിക്ക് മിസ് ചെയ്ത് തുടങ്ങി. അന്ന് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചതും ക്യാമറയ്ക്ക് മുന്നില്‍ നിന്നതുമൊക്കെ ശരിയായില്ല. പക്ഷേ അതിലെ തെറ്റെന്താണെന്ന് എനിക്ക് കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്നുള്ളതാണ്. പക്ഷേ എനിക്ക് പഠിക്കണമെന്ന് തോന്നി. ഇത്രയധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും വീട്ടില്‍ നിന്നുള്ള എതിര്‍പ്പിന് കാര്യമായ മാറ്റം വന്നിട്ടില്ലെന്നും ഐശ്വര്യ പറയുന്നു.
പൊന്നിയന്‍ സെല്‍വന് നല്ല റിവ്യൂ ഉണ്ട്, പൂങ്കുഴലിയ്ക്ക് നല്ല അഭിപ്രായമുണ്ടെന്ന് വീട്ടില്‍ വിളിച്ച് പറഞ്ഞിരുന്നു. പക്ഷേ വീട്ടില്‍ വന്നിട്ട് എത്ര നാളായി എന്നാണ് അവര്‍ക്ക് ചോദിക്കാനുള്ളത്. ചില സമയത്ത് ഞാന്‍ അവരുമായി വഴക്ക് കൂടാറുണ്ട്. ജീവിതത്തില്‍ പ്രധാന്യമുള്ളതെന്താണെന്ന് ഈ വഴക്കിലൂടെയാണ് ഞാന്‍ തിരിച്ചറിയാറുള്ളതെന്നും ഐശ്വര്യ പരയുന്നു.