ആലപ്പുഴ:കണിച്ചുക്കുളങ്ങരയിലെ യൂണിയന് ഓഫീസില്‍ എസ്.എന്‍.ഡി നേതാവ് കെ.കെ.മഹേശന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പുതിയ വിവാദങ്ങളിലേക്ക്.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമ്മര്‍ദ്ദം മൂലം മഹേശന് ജീവനൊടുക്കിയതാണെന്ന ആരോപണമാണ് സജീവമായിരിയ്ക്കുന്നത്.
എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററും കണിച്ചുകുളങ്ങര യോഗം സെക്രട്ടറിയും വെള്ളാപ്പള്ളിയുടെ വിശ്വസ്തനും സന്തത സഹചാരിയുമായിരുന്ന കെ.കെ. മഹേശന് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയ്ക്കെതിരായി നല്കിയ കത്തിലെ പരാമര്‍ശങ്ങള്‍ പലതും വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
കള്ള് ഷാപ്പിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും വയര്‍ലെസ്സ് സെറ്റ് കൈവശം വെച്ചതും മകന് തുഷാറിനെതിരെ ഗുരുതരമായ പെണ്ണ് കേസ് വെള്ളാപ്പള്ളി ആരോപിച്ചതുമെല്ലാം കത്തിലുണ്ട്.
കത്തിലെ മുഖ്യ പരാമര്‍ശങ്ങള്‍ ഇങ്ങനെ
ചേര്‍ത്തല ഗ്രൂപ്പിലെ രണ്ടാം നമ്പര്‍ ഗ്രൂപ്പില്‍പ്പെട്ട ടിഎഎസ് നമ്പര്‍ 8, 10, 12, 13, 14 കള്ളുഷാപ്പുകള്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍പ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഷാപ്പ് ഉടമ എന്ന പേരില്‍ 18 കേസ് എന്റെ പേരില്‍ വന്നു.
കഴിഞ്ഞ 22 വര്‍ഷമായി ഷാപ്പ് നടത്തിയതിന്റെ ബാക്കിപത്രമാണ് ഈ കേസുകള്‍.സമുദായത്തിനു ലഭിക്കേണ്ട നൂറു കോടി രൂപ വെള്ളാപ്പള്ളി പൊടിച്ച് തീര്‍ത്തിരിക്കുന്നു. അനാവശ്യമായ പബ്ളിസിറ്റിക്കും ധൂര്‍ത്തിനും വേണ്ടി ചിലവഴിച്ച തുകയാണിത്.വെള്ളാപ്പള്ളിയുടെ കീഴിലുള്ള ഐശ്വര്യ ട്രസ്റ്റില്‍ നിന്നും കണിച്ചുകുളങ്ങര ദേവസ്വത്തിനു ലഭിക്കേണ്ട ഒരു കോടിയിലധികം രൂപ തിരിച്ചടക്കാന്‍ താന്‍ സമ്മര്‍ദം ചെലുത്തിയത് കാരണമാണ് വെള്ളാപ്പള്ളിക്ക് തന്നോടു ശത്രുത തുടങ്ങിയത്.
ഞങ്ങളോടെല്ലാം ഏറെ സ്നേഹവും ആത്മാര്‍ത്ഥതയും കാണിക്കുന്ന തുഷാര്‍ജിയെക്കുറിച്ച് അങ്ങ് എന്നോടും അശോകനോടും പറഞ്ഞത് ലോകത്ത് ഒരച്ഛനും മക്കളെക്കുറിച്ച് മൂന്നാമതൊരാളാടു പറയില്ല. അങ്ങ് ഞങ്ങളോട് പറഞ്ഞത് തുഷാര്‍ ഒരു പെണ്ണിനെ ബംഗളൂരില്‍ ഫ്ളാറ്റില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും പ്രതിമാസം 15000 രൂപ ഫ്ളാറ്റിനു വാടകയാണെന്നും ഇറ്റലിക്കാരിയായ അവള് വേറെ ആണുങ്ങളെയും അവിടെ കൊണ്ട് വരുന്നു എന്നുമാണ്. അത് തുഷാര്‍ അറിയുന്നില്ല.
അവളെ ഒഴിവാക്കി വിടാന്‍ ഞാന്‍ ബെല്‍ ചിട്ടിയിലെ ടോമിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ അവന്റെ ……. ഇപ്പോള്‍ തേഞ്ഞു തീര്‍ന്നു കാണുമെന്നാണ്. ശിവഗിരിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് എന്നോടും അശോകനോടും അങ്ങ് പറഞ്ഞതാണ് ഇത്. പിന്നീട് ഈ കാര്യം വെള്ളാപ്പള്ളി വീട്ടിലെ ഓഫീസില്‍ വെച്ചും പറഞ്ഞു. ടോമിയോടും ഞങ്ങളോടും പറഞ്ഞത് പോലെ അങ്ങ് വേറെ ആരോടൊക്കെ പറഞ്ഞു കാണും.അങ്ങ് ഇതുപോലെ വിശ്വസിച്ച പലരും പിന്നീട് അവര്‍ എന്നെ പറ്റിച്ചെന്നും, എന്റെ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്നും ബിസിനസില്‍ എന്റെ മകളെ കബളിപ്പിച്ചെന്നും ഒക്കെ മീറ്റിംഗുകളില്‍ പോലും പറയാറുണ്ടല്ലോ. നാളെ ടോമിയും അങ്ങനെ ആവാന്‍ പാടില്ലേ?
അപ്പോള്‍ തുഷാര്‍ജിയും ഭാര്യയും മക്കളും. കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, അവരുടെയെല്ലാം മുന്നിലുള്ള ജീവിതത്തെക്കുറിച്ച് അങ്ങ് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ചില അപകീര്‍ത്തി വാര്‍ത്തകള്‍ക്ക് അങ്ങയുടെ ഇത്തരം ലൂസ് ടോക്ക് ഒരു കാരണമല്ലേ?കണിച്ചുകുളങ്ങര ദേവസ്വം സമരസമയത്ത് അനധികൃത വയര്‍ലെസ് സെറ്റ് വെള്ളാപ്പള്ളി ഉപയോഗിച്ചു എന്ന് മഹേശന് കത്തില്‍ പറയുന്നുണ്ട്. പൊലീസ് വരുന്നു എന്ന് പറഞ്ഞപ്പോള്‍ വയര്‍ലെസ് സെറ്റ് ഞങ്ങള്‍ വീടിന്റെ പിന്‍ഭാഗത്തു കൂടി കടത്തി.പിന്നീട് വാഹനത്തില്‍ എത്തിച്ച് ശുക്രന് വിജയന്റെ പറമ്പില്‍ ശവപ്പെട്ടി അടക്കം ചെയ്യുന്നത് പോലെ അടക്കി. അവിടെ പരിശോധിച്ചാല്‍ ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങള്‍ കിട്ടും-കത്തില്‍ പറയുന്നു. ഈ കത്തിലെ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ യൂണിയന് ഉള്ളില്‍ തന്നെ വിവാദമായിരിക്കുകയാണ്.
കെ കെ മഹേശനെ ഇന്നലെ രാവിലെയാണ് യൂണിയന് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാന്‍സ്, സ്കൂള്‍ നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ മഹേശന് ഉള്‍പ്പെട്ടിരുന്നു. മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററായ മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. നിലവില്‍ 21 കേസുകള്‍ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
കെ.കെമഹേശന്റെ മരണത്തേച്ചൊല്ലി വിവാദങ്ങള്‍ കൊഴുക്കവെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന് രംഗത്തെത്തി. മരണത്തെ ചുറ്റിപ്പറ്റി പല ചര്‍ച്ചകളും നടക്കുന്നുണ്ട്. യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്നും വെള്ളാപ്പള്ളി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു