കൊച്ചി:മമ്മൂട്ടിക്കും മോഹൻലാലിനും മുൻപ് മലയാളത്തിൽ സൂപ്പർ താരമായ നടനാണ് ശങ്കർ. ഒരുകാലത്ത് ക്യാമ്പസുകളുടെ ഹരമായി നിറഞ്ഞു നിന്ന ശങ്കർ യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമായിരുന്നു. മലയാളത്തിന് പുറമേ തമിഴിലടക്കം നിരവധി ഹിറ്റ് സിനിമകള് ചെയ്തിരുന്ന 80 കളിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായിരുന്ന ശങ്കറിന്റെ ജീവിതവും കരിയറും പിന്നീട് വലിയ പരാജയമായി മാറുകയായിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ് ശങ്കർ ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ വില്ലനായെത്തിയത് മോഹൻലാൽ ആയിരുന്നു. തമിഴിൽ ശങ്കർ നായകനായ ഒരു തലൈ രാഗം എന്ന ചിത്രം സൂപ്പർ ഹിറ്റായതോടെയാണ് ഫാസിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ശങ്കറിനെ നായകനാകുന്നത്. എന്നാൽ 80 കളുടെ പകുതിയോടെ ഒരേ പോലുള്ള റോളുകൾ ചെയ്ത ശങ്കർ നിറം മങ്ങി.
90 കളിൽ സിനിമകളിൽ നിന്ന് ഇടവേളയെടുത്ത ശങ്കർ ഇടയ്ക്ക് ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും ചിത്രങ്ങൾ ഒന്നും ബോക്സ്ഓഫീസിൽ വിജയമായില്ല. പിന്നീട് സീരിയലുകളിലേക്കും മലയാളത്തിൽ ചെറിയ ചെറിയ വേഷങ്ങളിലേക്കുമായി നടൻ ഒതുങ്ങി. ഇന്ന് പഴയകാല നടന് ശങ്കര് എന്ന ലേബലിൽ അറിയപ്പെടുന്ന താരം മാത്രമായി ശങ്കർ മാറി. പൃഥ്വിരാജ് നായകനായ ഭ്രമം എന്ന ചിത്രത്തിലാണ് ശങ്കർ അവസാനമായി അഭിനയിച്ചത്. ഇപ്പോൾ ഓർമകളിൽ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ നായകനാവുകയാണ് ശങ്കർ.
അതിനിടെ തന്റെ കരിയറിൽ ഉണ്ടായ അബദ്ധത്തെ കുറിച്ച് പറയുകയാണ് ശങ്കർ. പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തന്റെ കരിയറിൽ ഒരു പ്ലാനിങ് ഇല്ലാതെ പോയതാണ് പറ്റിയത്. പ്ലാനിങ് വേണമായിരുന്നു എന്നാണ് ശങ്കർ പറഞ്ഞത്. പുതിയ താരങ്ങളെ പോലെ കരിയർ പ്ലാൻ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ശങ്കറിന്റെ വാക്കുകൾ വായിക്കാം വിശദമായി.
‘എനിക്ക് പ്ലാനിങ് ഉണ്ടായിരുന്നില്ല. അതിന് കാരണം, ഞാൻ ഡെയിലി അഭിനയിച്ചുകൊണ്ടിരുന്ന ആളായിരുന്നു. പത്ത് പതിനാല് വർഷം അത് ചെയ്തു. 88 ൽ മലയാളത്തിൽ നിന്ന് മാറി ഞാൻ തമിഴിലേക്ക് പോയി. നാലഞ്ച് സിനിമകൾ അവിടെ ചെയ്തു. വീണ്ടും ഇവിടെ വന്നു ചെയ്തു. അങ്ങനെ ആയപ്പോൾ സമയം ഉണ്ടായിരുന്നില്ല. കരിയർ പ്ലാൻ ചെയ്തൊന്നുമില്ല. പ്ലാൻ ചെയ്യണമായിരുന്നു. ഇന്നത്തെ യുവ നടൻമാർ എല്ലാവരും പ്ലാൻ ചെയ്ത്, ഏത് സിനിമ ചെയ്യണം, ഏത് സബ്ജക്ട് ചെയ്യണം എങ്ങനെ ചെയ്യണം എന്നെല്ലാം നോക്കുന്നുണ്ട്.’
‘നമ്മൾ ഒരിക്കലും സിനിമയിൽ നിന്ന് പോകുമെന്നൊന്നും വിചാരിച്ചിട്ടില്ല. കുറച്ചു കാലം ഇടവേളയെടുക്കുമെന്നോ, ബ്രേക്ക് എടുത്ത് പോകുമെന്നോ ഒന്നും വിചാരിച്ചിട്ടില്ല. എന്നും സിനിമകൾ ഉണ്ടാകും. എന്നും അഭിനയിച്ചു കൊണ്ടിരിക്കും എന്നാണ് കരുതിയിരുന്നത്. വളരെ തിരക്കായി അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്.’
’90 കൾക്ക് ശേഷമാകും ഈ പ്ലാനിംഗ് ഒക്കെ വന്നത്. കാരണം നസീർ സാറിനെ പോലുള്ളവരെ എടുക്കുകയാണെങ്കിൽ അവർ ഒന്നും പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് കരുതുന്നില്ല. നല്ലൊരു കഥ കേൾക്കുന്നു പോകുന്നു, ചെയ്യുന്നു. അത് തന്നെയാണ് നമ്മളും ചെയ്തിരുന്നത്.’ ശങ്കർ പറഞ്ഞു.
അടുത്ത വർഷം വർഷം തന്നൊരു സംവിധായകനാകുമെന്നും ശങ്കർ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഒരു സബ്ജക്ടുമായി ഇരിക്കുകയാണ്. പ്രളയവും കോവിഡും കാരണം വൈകിയതാണെന്ന് താരം പറഞ്ഞു. മോഹൻലാലുമായി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതേകുറിച്ച് സംസാരിക്കാറുണ്ടെന്നും അടുത്ത സിനിമ കഴിഞ്ഞ ശേഷം അതിനെ കുറിച്ച് ആലോചിക്കുമെന്നും ശങ്കർ പറഞ്ഞു.