കോഴിക്കോട്: ബേപ്പൂര്‍ അരക്കിണറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈക്കിളില്‍ പോവുകയായിരുന്ന നൂറാസിന് നേരെ തെരുവുനായ ചാടി കടിക്കുകയായിരുന്നു.
സൈക്കിളില്‍ റോഡിലേക്കിറങ്ങിയ നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് ബേപ്പൂര്‍ അരക്കിണറില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്.
അരക്കിണര്‍ ഗോവിന്ദപുരം സ്‌കൂളിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി നൂറാസ്, ആറാം ക്ളാസ് വിദ്യാര്‍ഥിനി വൈഗ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ ഷാജുദ്ദീനും(40) കടിയേറ്റു. സംസ്ഥാനത്ത് ഇന്നലെ മാത്രം ആറ് പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
കണ്ണൂര്‍ ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ എ. ദാമോദരനെ തെരുവുനായ ആക്രമിച്ചു. അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അട്ടപ്പാടി സ്വര്‍ണപ്പെരുവൂരിലെ മൂന്നര വയസുകാരന്‍ ആകാശിന് മുഖത്ത് കടിയേറ്റു. കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, കൊല്ലം ശാസ്താംകോട്ടയില്‍ കഴിഞ്ഞ ദിവസം സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു. വളര്‍ത്തു മൃഗങ്ങളെയും മറ്റ് തെരുവുനായ്ക്കളെയും ഈ നായ കടിച്ചുവെന്ന സംശയമുണ്ട്.
തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ രണ്ടു വര്‍ഷമായി നിലച്ചിരുന്ന നായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി. (ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പ്രോഗ്രാം വീണ്ടും ഊര്‍ജിതമാക്കാനാണ് നീക്കം. 152 ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കും. ഒന്നോരണ്ടോ ബ്ലോക്കുകള്‍ ചേര്‍ന്ന് നടപ്പാക്കുന്നതും പരിഗണനയിലാണ്. എ.ബി.സി.യിലെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2017 മുതല്‍ കുടുംബശ്രീക്ക് അനുമതിയുണ്ടായിരുന്നു. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരം ഇല്ലാത്തതിനാല്‍ കുടുംബശ്രീ ഒഴിവായി.
സംസ്ഥാനത്ത് വേണ്ടത്ര അംഗീകൃത സംഘടനകള്‍ ഇല്ലാത്തതിനാല്‍ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനകളുടെ സഹായവും തേടിയിട്ടുണ്ട്. എ.ബി.സി നടപ്പാക്കുന്നതിന് ഗ്രാമപ്പഞ്ചായത്തുതലങ്ങളില്‍ മോണിറ്ററിങ് കമ്മിറ്റിയുണ്ടാക്കുക, വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതിനെതിരേ ബോധവത്കരണം, ലൈസന്‍സ് നല്‍കല്‍-പുതുക്കല്‍ വിവരങ്ങള്‍ കൃത്യമായി രജിസ്റ്ററില്‍ സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പഞ്ചായത്ത് ഡയറക്ടര്‍ നല്‍കിയിട്ടുണ്ട്.