31.1 C
Kottayam
Friday, May 17, 2024

ഷംസീറിന് പ്രായത്തെ കടന്നുനിൽക്കുന്ന പക്വതയെന്ന് മുഖ്യമന്ത്രി, റഫറി ആകേണ്ടതില്ലെന്ന്‌ സതീശൻ,എം.ബി.രാജേഷിന് പ്രതിപക്ഷത്തിന്റെ അഭിനന്ദനം

Must read

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേറ്റ എ.എന്‍.ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മറ്റു കക്ഷി നേതാക്കളും അഭിനന്ദിച്ചു. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയും പരിജ്ഞാനവും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ ഒരു റഫറി ആണെന്നോ നിഷ്പക്ഷനായ ഒരാളാകണമെന്നോ അഭിപ്രായമുള്ള ആളല്ല താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. സ്പീക്കറായി ഷംസീറിനെ തിരഞ്ഞെടുത്ത ശേഷം സഭയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

സഭാ നടപടിക്രമങ്ങള്‍ ഭദ്രമായ ജനാധിപത്യ മാര്‍ഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും സഭാ അംഗങ്ങളുടെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിലും അസാധാരണമായ പ്രാഗത്ഭ്യം പുലര്‍ത്തിയ പ്രമുഖരുടെ നിരയാണ് ഈ നിയമസഭയുടെ ചരിത്രത്തില്‍ എന്നും കാണാന്‍ കഴിയുക. ആ പാരമ്പര്യത്തെ കൂടുതല്‍ ശക്തവും ചൈതന്യത്തോടെയും മുന്നോട്ട് കൊണ്ടുപോകാന്‍ അങ്ങേയ്ക്ക് കഴിയുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘താരതമ്യേന ചെറിയ പ്രായത്തില്‍ സഭാ അധ്യക്ഷ സ്ഥാനത്ത് വന്ന നിരവധി പേരുണ്ട്. ആ നിരയിലാണ് അങ്ങയുടേയും സ്ഥാനം. ഇതിലും കുറഞ്ഞ പ്രായത്തില്‍ സഭാ അധ്യക്ഷ സ്ഥാനത്ത് വന്ന സി.എച്ച്.മുഹമ്മദ് കോയയെ പോലുള്ളവരുടെ കാര്യവും ഞാന്‍ മറക്കുന്നില്ല. അത്രത്തോളം ഇളപ്പം ഇല്ലെങ്കിലും പ്രായത്തെ കടന്നുനില്‍ക്കുന്ന പരിജ്ഞാനവും പക്വതയും അങ്ങേയ്ക്കുണ്ട്. അത് ഈ സഭയുടെ നടത്തിപ്പിന് മുതല്‍ക്കൂട്ടാകും. ഈ സഭയിലുള്ളതില്‍ 33 അംഗങ്ങള്‍ 27നും 48നും ഇടയില്‍ പ്രായമുള്ളവരാണ്. സഭയ്ക്ക് പൊതുവില്‍ ഒരു യുവത്വമുണ്ട്. ആ പ്രായഗണത്തില്‍പ്പെട്ട ഒരാള്‍ അധ്യക്ഷ സ്ഥാനത്ത് വരുമ്പോള്‍ സഭയുടെ സമസ്ത പ്രവര്‍ത്തന മണ്ഡലത്തിലും പ്രസരിപ്പ് വരും എന്ന് വേണം കരുതാന്‍’ മുഖ്യമന്ത്രി പറഞ്ഞു.

സഭാ കാര്യങ്ങള്‍ നിഷ്പക്ഷമായും കര്‍മോത്സകമായും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എം.ബി.രാജേഷ് വഹിച്ച മാതൃകാപരമായ നേതൃത്വത്തെ അഭിനന്ദിക്കുന്നു. അതേ വഴിയില്‍ തന്നെ അങ്ങും സഞ്ചരിക്കുമെന്നും പ്രത്യാശിക്കുന്നു. സമൂഹത്തില്‍ ഇടപ്പെട്ട് വളര്‍ന്നതിന്റെ പശ്ചാത്തലമുള്ള ആളാണ് പുതിയ സ്പീക്കര്‍. മതനിരപക്ഷേതയുടെ മൂല്യം എന്താണ് എന്നത് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കലും പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കലുമാണ് സ്പീക്കറുടെ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സഭാനാഥന്റെ ചവിട്ടുപടിയിലേക്ക് കയറിയപ്പോള്‍ ചരിത്രത്തിലേക്ക് കൂടിയാണ് അങ്ങ് നടന്നുകയറിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ‘ഇന്ത്യയിലെ ഏത് നിയമസഭയേക്കാളും സംവാദങ്ങളുടെ കാര്യത്തിലും സഭ ചേരുന്ന ദിനങ്ങളുടെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നവരാണ് നമ്മള്‍. ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. നിയമസഭാ സ്പീക്കര്‍ ഒരു റഫറി ആണെന്നോ നിഷ്പക്ഷനായ ഒരാളാകണമെന്നോ അഭിപ്രായമുള്ള ആളല്ല ഞാന്‍. തീര്‍ച്ചയായും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഭരണഘടനാപരമായ കര്‍ത്തവ്യങ്ങളെ നടത്തി കൊടുക്കാനുള്ള ചുമതല സ്പീക്കര്‍ക്കുണ്ട്. അതേ അവസരത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഞങ്ങള്‍ നമ്പറില്‍ കുവാണെങ്കിലും അത് സംരക്ഷിച്ചു നല്‍കുന്ന കാര്യത്തില്‍ അങ്ങ് മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ സതീശന്‍ വ്യക്തമാക്കി.

സ്പീക്കറുമായി സംഘര്‍ഷങ്ങള്‍ കുറവുള്ള കാലഘട്ടമായിരുന്നു രാജേഷിന്റേത്. ഗൗരവപരമായ സംവാദങ്ങളെ ആസ്വദിച്ചിരുന്ന ഒരു സ്പീക്കറായി അദ്ദേഹം. മാതൃകപരമായ സമീപനത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ യുഡിഎഫിലെ അന്‍വര്‍ സാദത്തിനെയാണ് ഷംസീര്‍ പരാജയപ്പെടുത്തിയത്. ഷംസീറിന് 96 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അന്‍വര്‍ സാദത്തിന് 40 വോട്ടുകളാണ് കിട്ടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week