കോട്ടയം: അയര്‍ക്കുന്നത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദികന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും തലയിലും കഴുത്തിലും കാണപ്പെട്ട ചെറിയ പരിക്കുകള്‍ കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതാവാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാദര്‍ ജോര്‍ജ് എട്ടുപറയലിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പള്ളി വളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. നാട്ടുകാരും പോലീസും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
വൈദികന്റെ മൊബൈല്‍ഫോണ്‍ സൈലന്റ് ആക്കിയ നിലയിലും മുറി തുറന്നിട്ടനിലയിലുമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളിയില്‍ ആറ് മാസം മുമ്പാണ് ഫാദര്‍ ജോര്‍ജ് എട്ടുപറയല്‍ ചുമതലയേറ്റെടുത്തത്.
അതേസമയം സമീപകാലത്ത് പള്ളിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് പൊളളലേറ്റിരുന്നു. ഇതില്‍ മനോവിഷമത്തിലായിരുന്നു പളളി വികാരിയെന്ന് ചങ്ങനാശേരി അതിരൂപത അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.