കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണം ജോസഫ് വിഭാഗത്തിന്; മറിയാമ്മ ജോസഫ് പ്രസിഡന്റ്
കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിനെ തെരഞ്ഞെടുത്തു. യുഡിഎഫിലെ സോഫി ജോസഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചോറ്റി ഡിവിഷന്‍ അംഗമാണ് മറിയാമ്മ.
എല്‍ഡിഎഫിലെ പി.ജി.വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ് മറിയാമ്മ വിജയം കരസ്ഥമാക്കിയത്. മറിയാമ്മയ്ക്ക് 10 വോട്ടുകളും വസന്തകുമാരിക്ക് അഞ്ച് വോട്ടുകളും ലഭിച്ചു. ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലവിലുണ്ടെങ്കിലും വോട്ടെടുപ്പില്‍ ഇത് പ്രതിഫലിച്ചില്ല.
കോണ്‍ഗ്രസിന് ഏഴും ജോസ് വിഭാഗത്തിന് രണ്ടും ജോസഫ് വിഭാഗത്തിന് ഒരംഗവുമാണ് നിലവിലുള്ളത്. എല്‍ഡിഎഫിലെ അഞ്ച് അംഗങ്ങളില്‍ നാലും സിപിഎമ്മില്‍ നിന്നുള്ളവരാണ്. ഒരംഗം സിപിഐയില്‍ നിന്നാണ്. യുഡിഎഫിലെ കരാര്‍ പ്രകാരമാണ് സോഫി ജോസഫ് മേയ് 29ന് രാജിവച്ചത്. 2019 നവംബര്‍ 20ന് സോഫി രാജിവയ്ക്കണമന്നും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിന് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നുമായിരുന്നു മുന്നണിയിലെ കരാര്‍.
എന്നാല്‍ ജോസ്-ജോസഫ് വിഭാഗങ്ങള്‍ രണ്ടു തട്ടിലായതോടെ സോഫിയുടെ രാജി വൈകുകയായിരുന്നു. ഇതിനിടെ ജനുവരിയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുകയും ചെയ്തു. മുന്നണിക്കുള്ളിലെ കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് ജോസ് വിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ഇത് ജോസ്-ജോസഫ് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കം സൃഷ്ടിച്ചിരുന്നു.