ഹൈദരാബാദ്: ഭക്ഷണം ഓർഡർ ചെയ്യുന്നതിനിടെയുള്ള ഒരു സ്വിഗ്ഗി ഉപഭോക്താവിന്റെ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമാകുന്നു. ഹൈദരാബാദില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനൊപ്പം ഒരു ഉപഭോക്താവ് മുന്നോട്ട് വച്ച ആവശ്യമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. സ്വിഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിനൊപ്പം തന്‍റെ ഭക്ഷണം ഒരു മുസ്ലീമായ ഡെലിവറി ബോയ്, ഡെലിവറി ചെയ്യരുതെന്നാണ് ഉപഭേക്താവ് ആവശ്യം ഉന്നയിച്ചത്.
ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് പുറത്ത് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇത്തരം സന്ദേശങ്ങൾക്കെതിരെ നടപടിയെടുക്കാൻ സ്വിഗ്ഗിയോട് ആവശ്യപ്പെട്ട് കൊണ്ട് തെലങ്കാന സ്റ്റേറ്റ് ടാക്സി ആൻഡ് ഡ്രൈവേഴ്സ് ജെഎസി ചെയർമാൻ ഷെയ്ക് സലാവുദ്ദീൻ സ്ക്രീൻ ഷോട്ട് പങ്കുവെച്ചിട്ടുണ്ട്. സ്‌ക്രീൻഷോട്ടിൽ ഒരു മുസ്ലീം ഡെലിവറി വ്യക്തിയെ വേണ്ട എന്ന് ഉപഭേക്താവ് കുറിച്ചിരിക്കുന്നത് വ്യക്തമായി കാണാം.
ഈ വിഷയത്തില്‍ സ്വിഗ്ഗി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഹൈദരാബാദിലെ തന്നെ മറ്റൊരു സ്വിഗ്ഗി ഉപഭോക്താവ് ഒരു മുസ്ലീം ഡെലിവറി ബോയ് തനിക്കായി കൊണ്ടുവന്ന ഭക്ഷണം നിരസിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെലിവറി നിർദ്ദേശത്തിൽ വളരെ കുറച്ച് എരിവ്, കൂടാതെ ദയവായി ഹിന്ദു ഡെലിവറി ബോയ് തന്നെ വേണമെന്ന് പ്രത്യേകം പറഞ്ഞിരുന്നുവെന്നാണ് ഉപഭോക്താവ് പറയുന്നത്.
Dear @Swiggy please take a stand against such a bigoted request. We (Delivery workers) are here to deliver food to one and all, be it Hindu, Muslim, Christian, Sikh @Swiggy @TGPWU Mazhab Nahi Sikhata Aapas Mein Bair Rakhna #SareJahanSeAchhaHindustanHamara#JaiHind #JaiTelangana pic.twitter.com/XLmz9scJpH
— Shaik Salauddin (@ShaikTgfwda) August 30, 2022
ഹൈദരാബാദില്‍ ആയിരക്കണക്കിന് പേര്‍ ആശ്രയിക്കുന്ന ഫുഡ് ഡെലിവറി സംവിധാനങ്ങളാണ് സ്വിഗ്ഗിയും സൊമാറ്റോയും. പ്രത്യേകിച്ച് മറ്റ് ജില്ലകളിൽ നിന്നുള്ള ടെക്കികൾ അവരുടെ ഭക്ഷണത്തിനായി ഈ പോർട്ടലുകളെ ആശ്രയിക്കുന്നു. ഇതിനിടെ കുറച്ച് ഉപഭോക്താക്കളിൽ നിന്നുള്ള ഇത്തരം അഭ്യർത്ഥനകൾ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം മറ്റ് പ്രതിസന്ധികളും ഉണ്ടാക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.