തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും.
ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ 3 മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളത്തില്‍ ഇത് ഭാഗികമായിരിക്കും.നൂറ് വർഷത്തിനിടയിലെ ഏറ്റവും ആഴമേറിയ സൂര്യഗ്രഹണമാണ് ഇത്. സൂര്യനും ഭൂമിയ്ക്കുമിടയില്‍ ചന്ദ്രന്‍ വരുന്നതിന്റെ ഭാഗമായി ഭൂമിയുടെ ഉപരിതലത്തില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുമ്പോഴാണ് സൂര്യഗ്രഹണം അനുഭവപ്പെടുന്നത്.
രാവിലെ 9.15നാണ് ഗ്രഹണം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.10 പൂര്‍ണതയിലെത്തും. 3.03 ന് പൂര്‍ത്തിയാകും. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഗ്രഹണം തുടങ്ങുക. അത് ഏകദേശം രാവിലെ 10.12 നാണ്. 11.49ന് വലയം ദൃശ്യമാകും. മുപ്പത് സെക്കന്റ് മാത്രമാണ് വലയം ദൃശ്യമാകുക. 11.50 ന് അവസാനിക്കും. ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വലയ ഗ്രഹണം ദൃശ്യമാകും.
തിരുവനന്തപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ രാവിലെ 10.14 മുതല്‍ ഉച്ചക്കു 1.15 വരെയാണ് കാണാന്‍ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും. ഈ ഗ്രഹണത്തിന് ചില സവിശേഷതകളുണ്ട്. മുത്തുമാലക്ക് സമാനമായി 30 സെക്കന്‍ഡുകള്‍ ഇത് ദൃശ്യമാകും. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 ശതമാനം മറക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക.