ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ (national herald case)കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ (sonia gandhi)ഇഡി(ed) ഇന്ന് വീണ്ടും ചോദ്യം ചെയ്യും.കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ നേരം സോണിയയുടെ മൊഴിയെടുത്ത ഇഡി വീണ്ടും ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 28 ചോദ്യങ്ങളാണ് ആദ്യ ദിവസം സോണിയയോട് ചോദിച്ചത്. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
സോണിയാഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് മെഡിക്കൽ സംഘത്തെ തയ്യാറാക്കി നിർത്തിയാണ് ചോദ്യം ചെയ്തത്. അതേ സമയം സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടിയിൽ കോൺഗ്രസ് ഇന്നും പ്രതിഷേധിക്കും. രാജ് ഘട്ടിൽ സത്യഗ്രഹം നടത്താനിയിരുന്നു പദ്ധതിയെങ്കിലും ദില്ലി പോലീസ് അനുമതി നൽകിയില്ല. ആ പശ്ചാത്തലത്തിൽ എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധിക്കും. സത്യഗ്രഹ സമരം നടത്താൻ സംസ്ഥാന ഘടകങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്. സോണിയാ ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് എന്നിവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ കുണ്ടറയിലെനേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണു മൂവരും ഹാജരാകാൻ കോടതി നിർദേശിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണങ്ങളെത്തുടർന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ കുണ്ടറയിലെ പ്രാദേശിക നേതാവായിരുന്ന പൃഥ്വിരാജിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിന് നിവേദനം നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്. അഡ്വ. ബോറിസ് പോൾ മുഖേനയാണ് പൃഥീരാജ് മുൻസിഫ് കോടതിയെ സമീപിച്ചത്.