പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്‍റെ(Sanju Samson) കട്ട ഫാന്‍ എന്ന് വിശേഷണമുള്ളയാളാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ പേസറും വിഖ്യാത കമന്‍റേറ്ററുമായ ഇയാന്‍ ബിഷപ്പ്(Ian Bishop). സഞ്ജുവിന്‍റെ സ്റ്റൈലിഷ് ബാറ്റിംഗ് ശൈലിയെ മുമ്പ് പലതവണ പ്രശംസിച്ചിട്ടുണ്ട് ബിഷപ്പ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ പാപക്കറ കഴുകിക്കളഞ്ഞ് രണ്ടാം മത്സരത്തില്‍(WI vs IND 2nd ODI) ഗംഭീര അര്‍ധ സെഞ്ചുറി സഞ്ജു നേടിയപ്പോള്‍ ശ്രദ്ധേയമായ അഭിനന്ദനവുമായി രംഗത്തെത്താന്‍ ഇയാന്‍ ബിഷപ്പ് മറന്നില്ല.
തന്‍റെ മൂന്നാമത്തെ മാത്രം ഏകദിന ഇന്നിംഗ്‌സിലാണ് 50 ഓവര്‍ ഫോര്‍മാറ്റിലെ കന്നി ഫിഫ്റ്റി സഞ്ജു അടിച്ചെടുത്തത്. വിന്‍ഡീസിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവേ ദീപക് ഹൂഡയ്‌ക്കൊപ്പം ഇന്ത്യയെ കരകയറ്റാന്‍ ശ്രമിച്ച സഞ്ജു 51 പന്തില്‍ മൂന്ന് വീതം ബൗണ്ടറികളും സിക്‌സുകളും സഹിതം 54 റണ്‍സെടുത്തു. ഇതോടെയായിരുന്നു മലയാളി ക്രിക്കറ്റര്‍ക്ക് ഇയാന്‍ ബിഷപ്പിന്‍റെ കയ്യടി. ‘സഞ്ജു സാംസണിന് ഏകദിന കരിയറില ആദ്യ അര്‍ധ സെഞ്ചുറി. അദ്ദേഹത്തിന്‍റെ ഒട്ടേറെ ഫിഫ്റ്റികളുടെ തുടക്കമാണ് ഇതെന്ന് നിരവധി ആരാധകര്‍ ആശിക്കുന്നു’ എന്നായിരുന്നു ബിഷപ്പിന്‍റെ ട്വീറ്റ്.
First half century in ODI’s for Sanju Samson. So many of his fans hope it’s the first of many👏🏻👏🏻👏🏻.
— Ian Raphael Bishop (@irbishi) July 24, 2022
മത്സരത്തില്‍ ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റേയും അര്‍ധ സെഞ്ചുറികള്‍ക്ക് പിന്നാലെ വെടിക്കെട്ട് ഫിനിഷിംഗുമായി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കേ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്(135 പന്തില്‍ 115), നായകന്‍ നിക്കോളാസ് പുരാന്‍(77 പന്തില്‍ 74) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 311 റണ്‍സെടുത്തു. കെയ്‌ല്‍ മയേര്‍സ് 39 ഉം ഷമാര്‍ ബ്രൂക്ക്‌സ് 35 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ഹൂഡയും അക്‌സറും ചഹാലും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗില്‍ നായകന്‍ ശിഖര്‍ ധവാന്‍ 13ല്‍ പുറത്തായെങ്കിലും ശുഭ്‌മാന്‍ ഗില്ലിന്‍റെ 43 ഉം ശ്രേയസ് അയ്യരുടെ 63 ഉം ഇന്ത്യയെ കരകയറ്റി. പിന്നാലെ കന്നി ഏകദിന അര്‍ധ സെഞ്ചുറി കണ്ടെത്തിയ സഞ്ജു സാംസണ്‍ റണ്ണൗട്ടിലൂടെ നിര്‍ഭാഗ്യവാനായി മടങ്ങിയത് ആരാധകരെ നിരാശരാക്കി. ദീപക് ഹൂഡയ്‌ക്ക് 33 റണ്‍സേ നേടാനായുള്ളൂ. സഞ്ജുവും ഹൂഡയും പുറത്തായ ശേഷം 35 പന്തില്‍ മൂന്ന് ഫോറും 5 സിക്‌സും സഹിതം പുറത്താകാതെ 64 റണ്‍സുമായി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. മറുവശത്ത് ഷര്‍ദുല്‍ ഠാക്കൂര്‍(3), ആവേശ് ഖാന്‍(10) എന്നിവര്‍ പുറത്തായതൊന്നും അക്‌സറിന്‍റെ ഫിനിഷിംഗിനെ തെല്ല് ബാധിച്ചില്ല.