കോയമ്പത്തൂര്‍:ഓണ്‍ലൈന്‍ റമ്മി ഗെയിമിന് അടിമപ്പെട്ട പൊലീസുകാരന്‍ സ്വയം വെടിവച്ച് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ കാളിമുത്തു(29)ആണ് മരിച്ചത്. ഓണ്‍ലൈന്‍ റമ്മി ഗെയിമിന് അടിമപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാളിമുത്തുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ഗെയിമിനായി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും 20 ലക്ഷത്തിലധികം രൂപ ഇയാള്‍ കടം വാങ്ങിയിരുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെയായിരുന്നു ആത്മഹത്യ.
കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രദര്‍ശന മേളയ്ക്കിടെയായിരുന്നു സംഭവം. പ്രദര്‍ശനത്തില്‍ ആയുധങ്ങള്‍ വച്ചിരുന്ന സ്റ്റാളിലായിരുന്നു കാളിമുത്തുവിന്റെ ഡ്യൂട്ടി. മറ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി കാളിമുത്തു പ്രദര്‍ശനത്തിനു വച്ചിരുന്ന തോക്കെടുത്ത് സ്വയം വെടിവയ്ക്കുകയായിരുന്നു.
ബുള്ളറ്റ് വയറിലൂടെ കടന്ന് മുതുകിലൂടെ പുറത്തേയ്ക്ക് വന്നതായി കോയമ്പത്തൂര്‍ സിറ്റി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കാളിമുത്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്‌നാട് വിരുദുനഗര്‍ സ്വദേശി സലായ് ആണ് കാളിമുത്തുവിന്റെ ഭാര്യ. നാലും മൂന്നും വയസായ രണ്ട് കുട്ടികളും ഉണ്ട്.
പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ക്കെതിരേ കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു ഇത്തരം ചൂതാട്ടങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഓണ്‍ലൈന്‍ വഴി കളിച്ച് പണം കളഞ്ഞ് നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ട്. ഇത്തരം ഗെയിമുകളെ ശക്തമായി നിയന്ത്രിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ഇതിന്റെ നിയമപരവും സാങ്കേതികപരവുമായ കാര്യങ്ങള്‍ പരിശോധിച്ച് അതിനുള്ള നടപടികള്‍ തുടങ്ങുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് കോടി രൂപയാണ് ഓണ്‍ലൈനായി സാധാരണക്കാരുടെ പണം ഇത്തരം ഗെയിമുകള്‍ ഉണ്ടാക്കുന്നത്. ഇത്തരം പഴുതുകള്‍ അടച്ചുവേണം നടപടികള്‍ എടുക്കാന്‍. ഇവയില്‍ പലതും അതാത് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ നികുതി ഘടനയുടെ ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവപോലുമല്ല.
ഇത്തരം ഗെയിമുകളെ നിയന്ത്രിക്കാന്‍ ഗൗരവമായ നിയമനിര്‍മാണം വേണം. ഇത്തരം ഗെയിമുകള്‍ക്ക് അടിമകളാകുന്ന ആളുകളുടെ എണ്ണവും കൂടുകയാണ്. അതിനാല്‍ ബോധവത്കരണവും ആവശ്യമാണ്- മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി വീണ്ടും നിരോധിക്കാന്‍ പഴുതടച്ച നിയമഭേദഗതിക്കു സര്‍ക്കാര്‍ ശ്രമം. ഓണ്‍ലൈന്‍ റമ്മി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്പനികള്‍ ചോദ്യം ചെയ്തതോടെ ഹൈക്കോടതി റദ്ദാക്കി. ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായവരില്‍ ചിലര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിനു വീണ്ടും സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്‍കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പു നിയമ വകുപ്പിനു കൈമാറി. നിയമഭേദഗതിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു മറുപടി. 1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്ഷന്‍ 3ല്‍ ഭേദഗതി വരുത്താനാണു നീക്കം.
2021 ഫെബ്രുവരിയിലാണു സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ റമ്മി ആദ്യം നിരോധിച്ചത്. സെപ്റ്റംബറില്‍ ഹൈക്കോടതി അതു റദ്ദാക്കി. വൈദഗ്ധ്യം ആവശ്യമായ കളി (ഗെയിം ഓഫ് സ്‌കില്‍) ആണ് റമ്മി; കളിക്കുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് എന്നീ കാരണങ്ങളാല്‍ നിരോധനം നിയമവിരുദ്ധവും വിവേചനവുമാണെന്നാണു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
കേരള ഗെയിമിങ് നിയമം 14-ാം വകുപ്പനുസരിച്ച് ‘ഗെയിം ഓഫ് സ്‌കില്‍’ ആയാല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാകില്ല. 14 (എ)യില്‍ നിയന്ത്രണം ബാധകമല്ലാത്ത കളികളെക്കുറിച്ചു പറയുന്നതില്‍ റമ്മിയും ഉള്‍പ്പെടുന്നുണ്ട്. 14 (എ) ഭേദഗതി ചെയ്തു പണം വച്ചുള്ള റമ്മി കളി നിയന്ത്രിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ. പണം വച്ചുള്ള കളി ആയതിനാല്‍ ഭാഗ്യപരീക്ഷണത്തിന്റെ (ഗെയിം ഓഫ് ചാന്‍സ്) പരിധിയില്‍ വരുമെന്നാണു ഭേദഗതി കൊണ്ടുവരിക. ഒരു വര്‍ഷം തടവ്, 10,000 രൂപ പിഴ അല്ലെങ്കില്‍ രണ്ടും കൂടി എന്ന ശിക്ഷയും വ്യവസ്ഥ ചെയ്യും. ഗെയിമിങ് നിയമം സംസ്ഥാന പട്ടികയില്‍ പെടുന്നതാണ്.
പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി ലോക്ഡൗണ്‍ കാലത്താണു കേരളത്തില്‍ സജീവമായത്. കേരളത്തിലെ ഇരുപതിലേറെ ആത്മഹത്യകള്‍ റമ്മി കളിയിലെ നഷ്ടം കാരണം ഉണ്ടായതാണെന്നാണു പൊലീസിന്റെ കണക്ക്.
റമ്മി ഗെയിം ഓഫ് സ്‌കില്‍ ആണെന്നും ഗെയിം ഓഫ് ചാന്‍സ് അല്ലെന്നും സുപ്രീം കോടതിയും വിധിച്ചിരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാന സര്‍ക്കാരുകളും പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി നിരോധിച്ചിരുന്നു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും നിരോധനം ഹൈക്കോടതികള്‍ റദ്ദാക്കി. എന്നാല്‍ ആത്മഹത്യകള്‍ പെരുകിയതോടെ വീണ്ടും നിരോധനം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ്‌നാട്. ഇതിനായി നിയോഗിച്ച സമിതി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് നല്‍കി.