കൊച്ചി:ലോക മാസ്റ്റേഴ്സ് ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ പിറവം മുന്‍ എം.എല്‍.എ എം.ജെ ജേക്കബിന്റെ ചിത്രം ഫെയ്സ് ബുക്കില്‍ പങ്കുവെച്ച് പി.വി.
ശ്രീനിജിന്‍ എം.എല്‍.എ. ഏജ് ഈസ് ജസ്റ്റ് എ നമ്ബര്‍ എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് 81 വയസുകാരനായ എം ജെ ജേക്കബ്. മത്സരിച്ച 200 മീ. ഹര്‍ഡില്‍സിലും 800 മീ. ഹര്‍ഡില്‍സിലും വെങ്കലമാണ് അദ്ദേഹം നേടിയത്.
“പിറവം മുന്‍ എം.എല്‍.എ സ. എം ജെ ജേക്കബ്. ഫിന്‍ലാന്റില്‍ നടന്ന ലോക മാസ്റ്റേഴ്സ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. മത്സരിച്ച 200 മീ. ഹര്‍ഡില്‍സിലും 800 മീ. ഹര്‍ഡില്‍സിലും വെങ്കലം നേടി. സ. എം ജെ നമ്മുടെ അഭിമാനം..” – പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഫെയ്സ്ബുക്കില്‍ കുറിച്ചു.
2021ല്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മൂന്ന് ഇനങ്ങളില്‍ അദ്ദേഹം സ്വര്‍ണം നേടിയിരുന്നു. അന്ന് ലോങ് ജമ്ബിലും 80, 200 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് അദ്ദേഹം ഒന്നാമതെത്തിയത്. 1963 ല്‍ കേരളത്തിലെ അന്നത്തെ ഏക സര്‍വകലാശാലയായ കേരള യൂണിവേഴ്സിറ്റിയുടെ ചാമ്ബ്യന്‍ഷിപ്പ് നേടിയതോടെയാണ് കായിക ലോകത്തെ മിന്നും പ്രകടനങ്ങളുടെ തുടക്കം. അന്ന് 400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ റെക്കോഡ് വിജയമാണ് എം ജെ ജേക്കബ് നേടിയത്.
2006ല്‍ ആണ് പിറവം മണ്ഡലത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ഥിയായി മന്ത്രി ടി എം ജേക്കബ്ബിനെ അട്ടിമറിച്ച് അദ്ദേഹം എംഎല്‍എയായത്. രണ്ടുതവണ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായി. എംഎ, എല്‍എല്‍ബി ബിരുദധാരിയാണ്. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് തന്റെ കരുത്തെന്ന് എം ജെ ജേക്കബ് പറയുന്നു.