തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 6 മുതൽ 9 വരെ ശക്തമായ മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം.
മൺസൂൺ പാത്തി ( Monsoon Trough ) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായതും പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യുന മർദ്ദം നിലനിൽക്കുന്നതും ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നതും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും കാരണമാണ് അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നത്.
ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. അതിനിടെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 09-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) 07-07-2022 രാത്രി 11.30 വരെ 3.5 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.
വിവിധ ദിവസങ്ങളിലെ മഞ്ഞ അലർട്ട് ഇപ്രകാരം
06-07-2022:എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
07-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
08-07-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
09-07-2022: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 07-07-2022 രാത്രി 11.30 വരെ 3.5 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 09-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 09-07-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല.
ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി മരം ഒടിഞ്ഞു വീണ് മൂന്ന് പേര്‍ മരിച്ചിരുന്നു.മൈലാടുംപാറ സ്വദേശിനി തോട്ടം തൊഴിലാളിയായ മുത്തുലക്ഷ്മി (56), തോണ്ടിമല സ്വദേശിനി ലക്ഷ്മി (65), നെടുങ്കണ്ടം പച്ചക്കാനത്ത് ഒഡീഷ സ്വദേശി സോമു ലക്റ എന്നിവരാണ് മരം ഒടിഞ്ഞു വീണ് മരിച്ചത്.
മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കിടെയാണ് മുത്തുലക്ഷ്മി മരം ഒടിഞ്ഞു വീണ് മരിച്ചത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി നെടുങ്കണ്ടം പച്ചക്കാനത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ മരം ഒടിഞ്ഞു വീണാണ് അഥിതി തൊഴിലാളി മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലിക്കിടെ മരം ഒടിഞ്ഞു വീഴുകയായിരുന്നു.
കാസര്‍കോട് മഞ്ചേശ്വരത്ത് കനത്ത മഴയെ തുടർന്ന് ഒരു വീട്ടില്‍ വെള്ളം കയറി. കുടുംബത്തെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ മലയോര മേഖലകളിലും മഴ ശക്തമാണ്. കോഴിക്കോട് തിരുവമ്പാടിയിൽ ശക്തമായ മഴയിൽ വീട് തകർന്നു. താഴെ തിരുവമ്പാടി, കുനിയൻ പറമ്പത്ത് ഇടത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. പാലക്കാട് നെല്ലിയാമ്പതിയിലും ശക്തമായ മഴയുണ്ടായി. പുലർച്ചെ തുടങ്ങിയ മഴ തുടരുകയാണ്. രണ്ട് വീടുകളിൽ വെള്ളം കയറി. കോട്ടയത്ത് ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. പാലാ ഇടനാട് പാറത്തോട് ശ്രീനിവാസന്റെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. പാലയിൽ ശക്തമായ മഴ തുടരുകയാണ്.
കണ്ണൂർ പയ്യന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. കുളങ്ങര യശോദയുടെ വീടാണ് പുലർച്ചെ തകർന്നത്.അപകടം നടക്കുമ്പോൾ യശോദയും മകൻ രാജേഷും ഭാര്യയും 2 കുട്ടികളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ജൂലൈ 10 വരെ നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്.
കോഴിക്കോട് പതങ്കയം വെളളച്ചാട്ടത്തിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ നിർത്തി വച്ചിരുന്നു.ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ വൈകീട്ടാണ് ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്‍നി വെളളച്ചാട്ടത്തിൽ അകപ്പെട്ടത്. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.