കൊല്ലം: ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സ്റ്റാഫ് നഴ്‌സിനെയും ആക്രമിച്ചു. ഡോ. ഉണ്ണിക്കൃഷ്ണന്‍, നഴ്‌സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരൻ ശങ്കരൻകുട്ടി എന്നിവർക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ശ്യാമിലിയെ ചവിട്ടി താഴെയിട്ട അക്രമികൾ അത്യാഹിത വിഭാഗത്തിലെ ഫാർമസിയുടെ ഗ്ലാസ് ചില്ലുകളും മരുന്നുകളും അടിച്ചു തകർത്തു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ് അഖില്‍ എന്നിവരാമ് അക്രമം നടത്തിയത്. ഇവര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ആക്രോശത്തോടെ എത്തിയ യുവാക്കള്‍ ആരോഗ്യപ്രവര്‍ത്തകരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ ഒടുവില്‍ ബൈക്കില്‍ കടന്നു. രണ്ടുദിവസംമുമ്പ് ആശുപത്രിയിലെത്തിയ രോഗിയോട് മുഖാവരണം ധരിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ ജീവനക്കാരും രോഗിയോടൊപ്പം വന്നവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് അക്രമമുണ്ടാക്കിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. അശോക്കുമാര്‍ ആശുപത്രിയിലെത്തി ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.സംഭവത്തില്‍ നടപടിയുണ്ടാകുന്നതുവരെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഒ.പി. ബഹിഷ്‌കരിക്കുമെന്ന് കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ. റീന പറഞ്ഞു. ഉടന്‍ നടപടിയുണ്ടാകാത്തപക്ഷം ബഹിഷ്‌കരണം കൊല്ലം ജില്ലയൊട്ടാകെ വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.