തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളിൽ വലിയ വർധന. ഇന്ന് മാത്രം കേരളത്തിൽ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലാണ്, 463. തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിലെ വർധന സംസ്ഥാന സർക്കാർ പുറത്തുവിട്ടത്. ഇന്നലെ 1161 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്തായിരുന്നു. 365 പേർക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. മറ്റ് ജില്ലകളിലും കൊവിഡ് കേസുകൾ ക്രമമായി ഉയരുന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകൾ പറഞ്ഞത്.
രാജ്യത്ത് 2745 പുതിയ കൊവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,55,314 പരിശോധനകള്‍ നടത്തി. ഇതിലാണ് 2745 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.63 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.60 ശതമാനമാണ്. രാജ്യത്ത് നിലവിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 18,386. അതേസമയം ദേശീയ രോഗമുക്തി നിരക്ക് 98.74 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,236 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,17,810 ആയി.