തൃശൂർ: ഗുരുവായൂർ സ്വർണക്കവർച്ചാ കേസിലെ പ്രതി ധർമ്മരാജനെ കുടുക്കാനായതിന്റെ സന്തോഷത്തിലാണ് അന്വേഷണ സംഘം. തമിഴ്‌നാട് തൃശിനാപ്പിള്ളി ലാൽഗുഡി അണ്ണാനഗർ കോളനിയിൽ ധർമരാജിനെയാണ് (രാജ് 26) പൊലീസ് സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പൊലീസിന് ഇയാളെ പിടിക്കാനായത്. സംസ്ഥാനത്ത് ഒരാൾ ഒറ്റയ്‌ക്ക് ചെയ്ത ഏറ്റവും വലിയ മോഷണക്കേസാണിത്. മോഷണശേഷം ഒരു തെളിവും ബാക്കി വയ്‌ക്കാതെ മുങ്ങിയതാണെങ്കിലും സിസിടിവി കാമറയിൽ പ്രതിയുടെ പച്ചകുത്ത് വ്യക്തമായി പതിഞ്ഞിരുന്നു.
തുടർന്ന് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്രൈം റെക്കോർഡുകൾ പരിശോധിച്ചാണ് പൊലീസ് സംഘം ധർമരാജിലേക്ക് എത്തിയത്. മോഷണശേഷം ഭാര്യയോടൊപ്പം എടപ്പാളിലെ വീട്ടിൽ നിന്ന് ചണ്ഡീഗഡിലേക്ക് കടന്ന പ്രതിയെ അന്വേഷണ സംഘം അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ തിരിച്ചറിഞ്ഞതോടെ അന്വേഷണസംഘം നേരെ പോയത് തിരുച്ചിയിലേക്കായിരുന്നു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് പ്രതി ചണ്ഡീഗഡിലുള്ളതായി അറിഞ്ഞത്. തുടർന്ന് അന്വേഷസംഘം അവിടേക്ക് പുറപ്പെട്ടു. അവിടെ വേഷമാറിയായിരുന്നു പൊലീസ് സംഘം നടന്നത്.
ലുങ്കിയും പഴയ ഷർട്ടും ധരിച്ച് കമ്പിളി പുതപ്പ് വിൽപ്പനക്കാരയായി പ്രതിയുണ്ടെന്ന് അറിഞ്ഞ ഭാഗത്തെല്ലാം കറങ്ങി നടന്നു. ധർമരാജന്റെ രൂപം, തലമുടി, വേഷം തുടങ്ങിയവയുമായി സാദൃശ്യമുള്ളവരെയെല്ലാം കൃത്യമായി നിരീക്ഷിച്ചു. മൂന്നാമത്തെ ദിവസം പ്രതിയെ പിടിക്കാനായി. പ്രതി കൈയിൽ പച്ചകുത്തിയതും തലമുടിയിൽ നിറം പിടിപ്പിച്ചതും കണ്ടെത്താൻ സഹായകമായി.
ഈ മാസം 12ന് വൈകിട്ട് ഏഴരയോടെയാണ് വീട്ടുകാർ തൃശൂരിൽ സിനിമയ്ക്ക് പോയ സമയത്ത് സ്വർണ്ണവ്യാപാരിയായ കുരഞ്ഞിയൂർ തമ്പുരാൻപടി അശ്വതിയിൽ ബാലന്റെ വീട്ടിൽ മോഷണം നടന്നത്. മൂന്ന് മാസം മുമ്പ് തഞ്ചാവൂർ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കെതിരെ തമിഴ്‌നാട്ടിൽ ലുക്കൗട്ട് നോട്ടീസുണ്ട്.
വീടിന്റെ മതില്‍ ചാടി അകത്തുകടന്ന് കവര്‍ച്ച നടത്തിയ രീതി പ്രതി എ.സി.പി. കെ.ജി. സുരേഷിനു മുന്നില്‍ കൃത്യമായാണ് അവതരിപ്പിച്ചത് ബൈക്കിലാണ് വന്നത്. അത് റോഡരികിലെ തട്ടുകടയ്ക്കരികില്‍ നിര്‍ത്തി. മദ്യപിച്ചു. പിന്നിലെ മതില്‍ ചാടിയശേഷം കുളിമുറിയുടെ ബള്‍ബ് ഊരി പാന്റ്സിന്റെ പോക്കറ്റിലിട്ടു. മുന്‍വശത്തെ വാതില്‍ പൊളിച്ചുകടക്കാനായിരുന്നു പദ്ധതി. ആ വാതിലിന് നല്ല ഉറപ്പുള്ളതിനാല്‍ ശ്രമം ഉപേക്ഷിച്ചു. അവിടെ ക്യാമറയില്‍പ്പെടാതിരിക്കാന്‍ മുഖം മറച്ചുപിടിച്ചു. പിന്‍വശത്തെ ബാല്‍ക്കണി വഴി കയറി വാതില്‍ ഉളികള്‍കൊണ്ട് പൊളിച്ച് അകത്തുകടന്നു. ആദ്യം പൊളിച്ച അലമാരയില്‍ത്തന്നെ ഇത്രയധികം സ്വര്‍ണവും പണവും പ്രതീക്ഷിക്കാതെ കിട്ടി. അതുകൊണ്ട് മറ്റു മുറികളിലേക്കൊന്നും പോയില്ല. 40 മിനിറ്റിനുള്ളില്‍ നടത്തിയ കവര്‍ച്ച പ്രതി ഒന്നും വിടാതെ വിശദീകരിച്ചു. കവര്‍ച്ച നടത്തിയ മുറിയിലേക്ക് പോലീസുമായി എത്തിയ പ്രതി ചോദിച്ചു-”ആ അലമാര കാണാനില്ലല്ലോ”. സ്വര്‍ണം സൂക്ഷിച്ചിരുന്ന അലമാര സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് പൊളിച്ച് കേടുവരുത്തിയിരുന്നതുകൊണ്ട് അത് മുറിയില്‍നിന്ന് മാറ്റിയിരുന്നു.
സ്വര്‍ണം വിറ്റുകിട്ടിയ പണംകൊണ്ട് ചണ്ഡീഗഢില്‍ ആജീവനാന്തം സുഖവാസമാണ് ധര്‍മരാജ് പദ്ധതിയിട്ടത്. പത്തുദിവസം അവിടത്തെ ഏറ്റവും വലിയ ആഡംബരഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. ദിവസം 6000 രൂപയാണ് മുറിവാടക. പത്തുദിവസത്തിനുള്ളില്‍ ഒരുലക്ഷത്തോളം രൂപ ചെലവായി.ചണ്ഡീഗഢില്‍ ബിസിനസ് തുടങ്ങാനായിരുന്നു ഉദ്ദേശ്യം. അവിടെ സ്ഥലം വാങ്ങി വീടുവയ്ക്കാനും അടുത്ത ദിവസം സിംലയിലേക്ക് പോകാനും പ്രതിക്ക് പദ്ധതിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അവിടെ ഓട്ടോയില്‍ 400 രൂപയുടെ ഓട്ടംപോയതിന് പ്രതി കൊടുത്തത് 4000 രൂപയായിരുന്നത്രേ.
പോലീസിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പ്രതി ധര്‍മരാജ് വേഷങ്ങള്‍ പലതും കെട്ടി. രണ്ടു വര്‍ഷം മുമ്പുള്ള മുടി രീതിയല്ല ഇപ്പോള്‍..അടുത്തകാലത്താണ് മുടിക്ക് നിറംനല്‍കിയത്. ആദ്യമൊക്കെ അരക്കൈ ഷര്‍ട്ടായിരുന്നു സ്ഥിരവേഷം. പിന്നീട് ഫുള്‍സ്ലീവ് ആയി. കൈയിലെ ടാറ്റു പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ കൂടിയായിരുന്നു അത്.
തുടക്കം 16-ാം വയസ്സിൽ…
കവർച്ചയിൽ ഒരുപാട് ‘അനുഭവസമ്പത്തുള്ള’യാളാണ് പ്രതി ധർമരാജ്. 16-ാം വയസ്സിലായിരുന്നു ‘അരങ്ങേറ്റം’. അങ്കമാലിയിലെ സ്ഥാപനത്തിൽനിന്ന് ലാപ്‌ടോപ്പാണ് മോഷ്ടിച്ചത്. വൈകാതെ പിടിയിലായ പ്രതിയെ കാക്കനാട് ജുവൈനൽ ഹോമിലേക്കയച്ചു.
അവിടെനിന്ന് വിട്ടയച്ചശേഷം വീണ്ടും മോഷണം. അതിന് പിടിയിലായപ്പോൾ തൃശ്ശൂർ രാമവർമപുരം ജുവനൈൽ ഹോമിലേക്ക് വിട്ടു. അവിടെനിന്ന് ചാടിരക്ഷപ്പെട്ടു. പിന്നീട് മോഷണപരമ്പര നീണ്ടു. തഞ്ചാവൂരിൽ മൊബൈൽസ്ഥാപനം ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്നുതന്നെ 60 പുതിയ മൊബൈലുകൾ കവർന്നു. തൃത്താലയിൽ മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകൾ കവർന്നു. തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽനിന്ന് 25,000 രൂപയുമെടുത്തു. ഇതെല്ലാം അടുത്തകാലത്തെ മോഷണങ്ങളാണ്.
ധർമരാജിന്റെ രണ്ട് സഹോദരങ്ങളും മോഷ്ടാക്കളാണെന്നാണ് പറയുന്നത്. അവർ തിരുച്ചിയിലാണ്. ധർമരാജ് നന്നേ ചെറുപ്പത്തിൽ കേരളത്തിലെത്തിയതാണ്. മിക്കപ്പോഴും ഊരുചുറ്റലാണ് പതിവ്. രാത്രിയുറക്കം പണി പൂർത്തിയാകാത്ത കെട്ടിടങ്ങളിലോ ആരും ശ്രദ്ധിക്കാത്ത കടമുറികൾക്കിടയിലോ ആയിരിക്കും.
ജില്ലയിൽ പഴയന്നൂർ, മണ്ണുത്തി, ഒല്ലൂർ സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും പാലക്കാട് ജില്ലയിലെ തൃത്താല, ഷൊർണൂർ സ്റ്റേഷനുകളിലും 17ഓളം കേസുകളുണ്ട്. എറണാകുളത്തെ അങ്കമാലി, എളമക്കര സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസുണ്ട്.