തൃക്കാക്കരയിൽ കനത്ത പോളിംഗ്; കള്ളവോട്ടിന് ശ്രമിച്ച ഒരാൾ പിടിയിൽ
കൊച്ചി: തൃക്കാക്കരയില്‍ വോട്ടെടുപ്പ് മികച്ച രീതിയില്‍ മുന്നേറുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ വോട്ടിങ് അമ്പത് ശതമാനം കടന്നു. 2.45 ഓടെ വോട്ടെടുപ്പ് 51.34 ശതമാനം പിന്നിട്ടിട്ടുണ്ട്.വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ കനത്ത പോളിങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മണ്ഡലത്തിലുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് മുന്നണികള്‍ പറയുന്നു.
കള്ളവോട്ട് തടയാൻ ശക്തമായ സജ്ജീകരണങ്ങൾ ഒരുക്കിയെന്ന പ്രഖ്യാപനങ്ങൾക്കിടെയും കള്ളവോട്ട് ശ്രമം നടന്നു. വൈറ്റില പൊന്നുരുന്നി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാളെ യുഡിഎഫ്, ബിജെപി പ്രവർത്തകർ പരാതിപ്പെട്ടതിനെ തുടർന്ന് കൈയോടെ പിടികൂടിയത്.
ടി എം സഞ്ജു എന്നയാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുകയായിരുന്നു.
സംശയം തോന്നിയ പ്രവര്‍ത്തകര്‍ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചു. തുടർന്ന് ഇയാള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. രാവിലെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസറെ പൊലീസ് പിടികൂടിയിരുന്നു. മരോട്ടിച്ചുവടിലുള്ള 23-ാം നമ്പര്‍ ബൂത്തിലെ ഓഫീസര്‍ വര്‍ഗീസ് ആണ് പിടിയിലായത്. പകരം മറ്റൊരു ഓഫീസറെയും നിയമിച്ചിരുന്നു.