കോട്ടയം : സിനിമാതാരം ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കഞ്ഞിക്കുഴിയിലെ മീന്‍ കടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 200 കിലോയോളം പഴകിയ മീന്‍ പിടിച്ചെടുത്തു. ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള കഞ്ഞിക്കുഴിയിലെ ധര്‍മൂസ് ഫിഷ് ഹബില്‍ നിന്നാണ് 193 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തത്. ഫിഷറീസ് ആരോഗ്യം ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ധര്‍മൂസ് ഫിഷ് ഹബ് കൂടാതെ സമുദ്ര കോള്‍ഡ് സ്റ്റോറേജ് അമല ലൈഫ് സ്മാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നും പഴകിയ മീന്‍ പിടിച്ചെടുത്തിട്ടുണ്ട്. സമുദ്രയില്‍ നിന്നും 11 കിലോ മീനും , അമലയില്‍ നിന്നും 4.2 കിലോ മീനും പിടിച്ചെടുത്തു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കണ്ണന്‍ പി , ലിജോ സദാനന്ദന്‍ , ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസ് , ഫുഡ് സേഫ്റ്റി സര്‍ക്കിള്‍ ഓഫിസര്‍മാരായ ഷെറിന്‍ സാറാ ജോര്‍ജ് (കോട്ടയം ) , ഡോ. ദിവ്യ ജെ ബി (ചങ്ങനാശേരി ) എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.