72 കാരനായി ബിജു മോനോന്‍,പരുക്കന്‍ ജീവിതവുമായി ജോജു,മികച്ച നടനുള്ള പുരസ്‌കാരം പങ്കുവെച്ചത് ആത്മസംഘര്‍ഷങ്ങള്‍ തിരശീലയിലെത്തിച്ച കാമ്പുള്ള കഥാപാത്രങ്ങളിലൂടെ
തിരുവനന്തപുരം:52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ നടന്മാരായ ബിജു മേനോനും ജോജു ജോർജിനും പൊൻ തിളക്കം. മികച്ച നടനുള്ള പുരസ്കാരമാണ് ഇരുവരും ചേർന്ന് പങ്കിടുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‍ത ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ബിജു മേനോൻ പുരസ്കാരത്തിന് അർഹനായത്.
72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. ബിജു മേനോന്‍റെ മേക്കോവര്‍ റിലീസിനു മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പാര്‍വ്വതി നായികയായ ചിത്രത്തില്‍ പാര്‍വ്വതിയുടെ കഥാപാത്രത്തിന്‍റെ അച്ഛനായാണ് ബിജു മേനോന്‍ എത്തിയത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എല്ലാ കഥാപാത്രങ്ങളെയും പോലെ ഇട്ടിയവിരയെയും ബിജു മേനോൻ മികച്ചതാക്കി മാറ്റി. പ്രേക്ഷകരും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ് ബിജു മേനോന് ലഭിക്കുന്ന ഈ ബെസ്റ്റ് ആക്ടർ അവാർഡ്. ബിജു മേനോനെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തെരഞ്ഞെടുക്കുന്നത് ഇതാദ്യമാണ് എന്നത് മധുരം ഇരട്ടിയാക്കുകയാണ്.
പ്രായമേറിയ ഒരു മനുഷ്യന്റെ ശരീര ഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്നലളിതമായി ആവിഷ്കരിച്ച അഭിനയ മികവ് എന്നാണ് ബിജു മേനോന്റെ അഭിനയത്തെ കുറിച്ച് ജൂറി വിലയിരുത്തിയത്. അതേസമയം നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിനെയും മികച്ച നടനായി തെരഞ്ഞെടുത്തത്.
മാര്‍ട്ടിൻ പ്രക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് നായാട്ട് . പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരു പോലെ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ ‘ജോസഫി’ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആയിരുന്നു ചിത്രം. എല്ലാ കഥാപാത്രങ്ങളെയും തന്റെ കൈക്കുള്ളിൽ ഭദ്രമായി വയ്ക്കുന്ന ജോജുവിന്റെ മികവ് തന്നെയായിരുന്നു നായാട്ട്.
ജൂൺ എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകനാണ് അഹമദ് കബീറിന്റെ സിനിമയാണ് മധുരം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മധുരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും അപരിചിതരായ മനുഷ്യർ പരസ്പരം സംസാരിച്ച് തുടങ്ങിയാൽ അവർക്കിടയിൽ ഒരു ആത്മബന്ധം ഉണ്ടാകും. ആ ആത്മബന്ധത്തിലൂടെ കഥ പറഞ്ഞാണ് ‘മധുരം’ സഞ്ചരിക്കുന്നത്. ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പെഷ്യൻസിനു ബൈസ്റ്റാൻഡേർസ് ആയി വരുന്ന കുറച്ചു ആളുകളുടെയും അവരുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങളും ഒക്കെ ആണ് ചിത്രം.
അഭിനയ ശൈലി കൊണ്ട് ജോജു ജോർജ്ജ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. കണ്ട് മടുത്ത പൈങ്കിളി പ്രണയത്തിനുമപ്പുറം കഥയും കഥാപരിസരവും എന്ത് ആവശ്യപ്പെടുന്നോ ആ തരത്തിൽ ഇഴകി ചേരുന്ന പ്രണയമാണ് ചിത്രത്തിലുടനീളം കാണാൻ സാധിച്ചത്. ജോജു-ശ്രുതി ജോഡികളുടെ പ്രകടനം ആ പ്രണയകഥയെ കൂടുതൽ മധുരമുളളതാക്കിയിരുന്നു.
ചില വാക്കുകളുണ്ട്. തളര്‍ന്നിരിക്കുന്ന മനസിലും ശരീരത്തിലും തീപിടിക്കുന്ന അനുഭവം നല്‍കാന്‍ കെല്‍പ്പുള്ള വാക്കുകള്‍. സ്വാതന്ത്ര്യം അങ്ങനെയൊരു വാക്കാണ്. ഈ ഒറ്റ വാക്കിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ഒരുപാട് തലങ്ങളെ രണ്ടര മണിക്കൂറില്‍ അനാവരണം ചെയ്യുകയായിരുന്നു ജിയോ ബേബിയും കൂട്ടരും ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിലൂടെ. ജോജു ജോർജിന്റെ പ്രകടനം ഏവരെും ത്രസിപ്പിച്ചു.
റിലീസിനൊരുങ്ങുന്ന ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം. കൊച്ചിയില്‍ 1962 കാലഘട്ടം വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമ്മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്‍ട്രാക്റ്റര്‍മാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു.
കോണ്‍ട്രാക്റ്റര്‍മാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്‍പരം പൊരുതുന്ന ഒരു കാലം. പിന്നീട് 1940 കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം.
ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് ‘തുറമുഖം’. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപ്പിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് ‘തുറമുഖം’ ദൃശ്യവത്‍കരിക്കുന്നത്. ചിത്രം ജൂൺ മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും.
വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തരത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിനാണ് ജോജുവിനെ മികച്ച നടനായി തെരഞ്ഞെടുത്തതെന്നാണ് ജൂറി വിലയിരുത്തിയത്.