NationalNews

അത്ലറ്റുകളെ പുറത്താക്കി സ്റ്റേഡിയത്തില്‍ നായയെ നടത്തിച്ചു, ഐ എ എസ് ദമ്പതികളെ ഡല്‍ഹിയില്‍ നിന്നും രണ്ടിടത്തേക്ക് മാറ്റി കേന്ദ്രം, സ്ഥലം മാറ്റിയത് ലഡാക്കിലേക്കും അരുണാചലിലേക്കും

ന്യൂഡല്‍ഹി :വളര്‍ത്തുനായയെ നടത്തിക്കാനായി സ്റ്റേഡിയത്തില്‍ നിന്ന് അത്‌ലറ്റുകളെ ഇറക്കിവിട്ട ഐ എ എസ് ദമ്പതിമാര്‍ക്ക് കടുത്ത ശിക്ഷ ഉടനടി നല്‍കി കേന്ദ്രം. ദമ്പതികളെ അതിര്‍ത്തി പ്രദേശത്തെ രണ്ടിടങ്ങളിലേക്കാണ് ആരോപണം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റിയത്. ഡല്‍ഹി റവന്യൂ സെക്രട്ടറി സഞ്ജീവ് ഖിര്‍വാറാണ് നായയെ നടത്തിക്കുന്നതിനായി സ്റ്റേഡിയത്തില്‍ നിന്ന് അത്‌ലറ്റുകളെ ഇറക്കിവിട്ടെന്ന പരാതി ഉയര്‍ന്നത്.

സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്കും അദ്ദേഹത്തിന്റെ ഭാര്യയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുമായ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കുമാണ് സ്ഥലം മാറ്റിയത്. മാദ്ധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത വന്നതോടെ സഞ്ജീവ് ഖിര്‍വാന്റെ നടപടി കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്.

ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിലാണ് ഐ എ എസ് ദമ്പതികള്‍ നായയെ നടത്താന്‍ വേണ്ടി അത്‌ലറ്റുകളുടെ പരിശീലനം മുടക്കിയത്. സഞ്ജീവ് ഖിര്‍വാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഡല്‍ഹി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി വൈകിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഐ എ എസ് ദമ്പതികളെ രാജ്യതലസ്ഥാനത്ത് നിന്നും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മാറ്റിയത്.

നായയെ നടത്തിക്കുന്നതിനു വേണ്ടി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകുന്നേരം ഏഴ് മണിക്ക് പരിശീലനം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. എന്നാല്‍ അത്‌ലറ്റുകളുടെ ഈ ആരോപണങ്ങള്‍ സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റര്‍ അജിത് ചൗധരി നിഷേധിച്ചു. അത്‌ലറ്റുകള്‍ക്ക് പരിശീലനം നല്‍കാനുള്ള ഔദ്യോഗിക സമയം വൈകുന്നേരം ഏഴ് മണി വരെയാണെന്നാണ് അദ്ദേഹം റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button