തെളിവുകൾ ശേഖരിക്കാൻ സമയം വേണം; നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ മൂന്ന് മാസം കൂടി ചോദിക്കാൻ ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ ശേഖരിക്കാൻ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ആവശ്യപ്പെടും.അന്വേഷണം പൂർത്തിയാക്കാൻ സമയം വേണം. മൂന്ന് മാസത്തെ സമയമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ തേടുക.
കേസ് അട്ടിമറിക്കുന്നുവെന്ന് കാട്ടി അതിജീവിത നൽകിയ ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകുന്നതായും കേസിലെ കുറ്റപത്രം നൽകുന്നത് തടയണമെന്നും ആവശ്യപ്പെടുന്ന ഹർജിയാണ് അതിജീവിത നൽകിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഇവർ നേരിൽകണ്ട് ഇക്കാര്യത്തിലെ തന്റെ ആശങ്ക അറിയിച്ചു. എന്നാൽ സർക്കാർ നടിയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
നടിയുടെ ഭീതി അനാവശ്യമാണെന്നും കേസ് രാഷ്‌ട്രീയമായി ഉപയോഗിക്കരുതെന്നും കോടതിയിൽ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ജസ്‌റ്റിസ് സിയാദ് റഹ്‌മാനാണ് ഹർജി ഇന്ന് പരിഗണിക്കുന്നത്.