കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ തൗഫീഖ് എന്നയാളില്‍ നിന്ന് 80 ലക്ഷം രൂപ വില വരുന്ന 1516 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കണ്ണൂരിലെത്തിയത്. രാവിലെ രണ്ട് സംഭവങ്ങളിലായി 30 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസും ഡിആര്‍ഐയും കണ്ണൂരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. വിമാനത്താവളത്തിനുള്ളിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 268 ഗ്രാം സ്വര്‍ണവും കര്‍ണാടകത്തിലെ ഭട്കല്‍ സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്നും 360 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഇതോടെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് ആകെ ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു.
കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന്‍ ആറ് തവണ സ്വര്‍ണ്ണം കടത്തിയെന്ന് മൊഴി നല്‍കി. ആറ് തവണയായി 8.5 കിലോ സ്വര്‍ണമാണ് ഇയാള്‍ കടത്തിയത്. കടത്തിയ സ്വര്‍ണ്ണത്തിന്റെ മൂല്യം ഏതാണ്ട് നാലര കോടിയോളം രൂപ വരും. എയര്‍ ഇന്ത്യ കാബിന്‍ ക്രൂ നവനീത് സിംഗ് ഇന്നലെയാണ് സ്വര്‍ണം കടത്തിയതിന് പിടിയിലായത്.
ഡല്‍ഹി സ്വദേശിയാണ് നവനീത് സിംഗ്. കസ്റ്റംസാണ് ഇന്നലെ നവനീതിനെ കസ്റ്റഡിയില്‍ എടുത്തത്. ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 65 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്മാണ് ഇയാള്‍ ഷൂസിനകത്ത് ഒളിപ്പിച്ച് കടത്തിയത്. ദുബായില്‍ നിന്ന് എത്തിച്ചതായിരുന്നു സ്വര്‍ണം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു ദിവസം രണ്ട് തവണയാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയും വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് രണ്ടേമുക്കാല്‍ കിലോ വരുന്ന സ്വര്‍ണ മിശ്രിതം പൊലീസ് പിടികൂടിയത്. ബഹ്‌റൈനില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സില്‍ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദു സലാമില്‍ നിന്നാണ് പൊലീസ് ഒന്നരക്കോടി വില വരുന്ന സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്.
മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണം പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവച്ചും മൂന്ന് സ്വര്‍ണ ഉരുളകള്‍ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണ്ണം തൊണ്ടയാട് എത്തിക്കാനായിരുന്നു നിര്‍ദ്ദേശമെന്നാണ് അബ്ദു സലാം പൊലീസിന് നല്‍കിയ മൊഴി. ടാക്‌സി വിളിച്ച് എത്തിക്കാനാണ് നിര്‍ദ്ദേശം ലഭിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.