ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ശോഭ അന്നമ്മ ഈപ്പനെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി. ഇതോടെ കേരള ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ഏഴായി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ശോഭ അന്നമ്മ ഈപ്പന്‍ ഉള്‍പ്പടെ നാല് അഭിഭാഷകരെ ജഡ്ജിമാരായി ഉയര്‍ത്താന്‍ ഹൈക്കോടതി കൊളീജിയം സുപ്രീംകോടതി കൊളീജിയത്തോട് ശുപാര്‍ശ ചെയ്തത്. ശോഭ അന്നമ്മ ഈപ്പന് പുറമെ ടി. കെ. അരവിന്ദ് കുമാര്‍, ബസന്ത് ബാലാജി, കെ. എ. സഞ്ജീത എന്നിവരുടെ പേരുകളാണ് ശുപാര്‍ശ ചെയ്തിരുന്നത്. ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറി. ബസന്ത് ബാലാജിയുടെ നിയമന ഉത്തരവ് ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
മുന്‍ എംഎല്‍എ ഈപ്പന്‍ വര്‍ഗീസിന്റെയും അന്നമ്മയുടെയും മകളാണ് ശോഭ അന്നമ്മ ഈപ്പന്‍. ആലുവ ക്രൈസ്തവ മഹിളാലയത്തിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സെന്റ് തെരേസാസ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും, തേവര സേക്രഡ് ഹാര്‍ട്സ് കോളേജില്‍ നിന്ന് ബിരുദവും കരസ്ഥമാക്കി. എറണാകുളം ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം നേടിയത്.
1991-ല്‍ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു. 2011 മുതല്‍ 16 വരെ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു. പി. ടി. വര്‍ഗീസാണ് ഭര്‍ത്താവ്. മക്കള്‍: ഷാരോണ്‍ ലിസ് വര്‍ഗീസ്, തോമസ് വര്‍ഗീസ്, മരുമകന്‍: ആരോമല്‍ സാജു കുന്നത്ത്. കൊച്ചു മകള്‍: ഏവ ആരോമല്‍
ശോഭ അന്നമ്മ ഈപ്പന്‍ ചുമതലയേല്‍ക്കുന്നതോടെ കേരള ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ഏഴായി ഉയരും. ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഏഴ് വനിതകള്‍ ഒരേസമയം കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരായി പ്രവര്‍ത്തിക്കുന്നത്.
അനു ശിവരാമന്‍, മേരി ജോസഫ്, ഷിര്‍സി വി, എം. ആര്‍. അനിത, സോഫി ജോസഫ്, സി. എസ്. സുധ എന്നിവരാണ് കേരള ഹൈക്കോടതിയിലെ മറ്റ് വനിതാ ജഡ്ജിമാര്‍. ഇതില്‍ ഷിര്‍സി വി. ഈ മാസം അവസാനം വിരമിക്കും.