മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാളിന്റെ ആദ്യപകുതിയിൽ ഗോളടിക്കാതെ ഇരുടീമുകളും. ആദ്യപകുതിയിൽ ആതിഥേയരായ കേരളത്തെക്കാളും ബംഗാളിനാണ് നേരിയ മുൻതൂക്കം. മത്സരത്തിൽ ഇതുവരെ 54 ശതമാനം ബാൾ പൊസഷൻ ബംഗാൾ നേടിയപ്പോൾ കേരളത്തിന് 46 ശതമാനം ബാൾ പൊസഷൻ മാത്രമേ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളൂ.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബംഗാളിന് മുന്നിൽ പല അവസരങ്ങളിലും കേരള പ്രതിരോധം പാളിയിരുന്നു. ഗോളെന്നുറപ്പിക്കാവുന്ന മികച്ച മൂന്ന് അവസരങ്ങൾ ബംഗാളിന് ആദ്യ പകുതിയിൽ ലഭിച്ചെങ്കിലും ബംഗാൾ മുന്നേറ്റനിരയുടെ പിഴവുകൾ കാരണം ഗോളായില്ല. അതേസമയം കേരളം ഒരിക്കൽ മാത്രമാണ് ഗോളടിക്കുന്നതിന് തൊട്ടടുത്ത് എത്തുന്നത്.
ഇരുടീമുകളും ബോക്സ് ടു ബോക്സ് ആക്രമിച്ചു കളിച്ച മത്സരത്തിൽ കാണികൾക്ക് ആവേശം സമ്മാനിച്ച നിരവധി മുഹൂർത്തങ്ങൾ ആദ്യപകുതിയിൽ ഉണ്ടായിരുന്നു. 37ാം മിനിട്ടിൽ സെമിഫൈനലിൽ അഞ്ച് ഗോളടിച്ച ജെസിനെ വിഗ്നേഷിന് പകരവും നിജോ ഗിൽബർട്ടിന് പകരമായി ഫസലുറഹ്മാനെയും കേരളം ഇറക്കി, എങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ സാധിച്ചില്ല.