തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ പൊലീസ് ആവശ്യപ്പെട്ടിട്ടും അഡിഷണല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്. ജഡ്ജിയുടെ വീട്ടില്‍ നടക്കുന്ന കോടതി നടപടികളില്‍ ഹാജരാകാറില്ലെന്ന് വിശദീകരണം നല്‍കിയാണ് പ്രോസിക്യൂട്ടര്‍ വിട്ടുനിന്നത്. പ്രോസിക്യൂട്ടറുടെ അഭാവത്തെ തുടര്‍ന്ന് പൊലീസ് തന്നെയാണ് വാദങ്ങള്‍ ഉന്നയിച്ചത്.
ഇതിന് പിന്നാലെയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് കോടതി പി സി ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
കേസില്‍ 153 എ, 295 എ എന്നീ വകുപ്പുകളാണ് അന്വേഷണ സംഘം ചുമത്തിയത്. എന്നാല്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഹിന്ദുക്കള്‍ മാത്രമുള്ള അടച്ചമുറിയില്‍ ചില പ്രവണതകളെ പറ്റി മുന്നറിയിപ്പ് നല്‍കുകയായിരുന്നു പി സി ജോര്‍ജെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ആരോടും ആയുധം എടുത്ത് പോരാടാന്‍ വിവാദ വേദിയില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനായ താന്‍ കടുത്ത പ്രമേഹരോഗിയാണെന്നും ഒളിച്ചോടുന്ന ആളല്ലെന്നും പി സി. ജോര്‍ജ് കോടതിയില്‍ വ്യക്തമാക്കി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യം നല്‍കിയത്. സ്വതന്ത്രനാക്കിയാല്‍ സമാനകുറ്റം ആവര്‍ത്തിക്കുമെന്ന പൊലീസ് വാദം കോടതി തള്ളുകയായിരുന്നു.
അതേസമയം, പി സി ജോര്‍ജിന്റെ അറസ്റ്റ് വെറും നാടകമാണെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്ന പി സി ജോര്‍ജിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ധമനസോടെയാണ് നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
29നു നടന്ന വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തത് മൂന്നു ദിവസം കഴിഞ്ഞു മാത്രമാണ്. കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ഭയത്താല്‍ ജോര്‍ജിനെതിരേ നടപടി എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ബി ജെ പിയെ പിണക്കാതിരിക്കാനുള്ള എല്ലാ കരുതലും സ്വീകരിച്ചുകൊണ്ടാണ് ജോര്‍ജിനെ സ്വന്തം വാഹനത്തില്‍ പോലീസ് സംരക്ഷണത്തോടെ ഈരാറ്റുപേട്ടയില്‍ നിന്ന് തിരുവവന്തപുരത്തേക്കു കൊണ്ടുവന്നത്.
പിണറായി വിജയന്റെയും ആര്‍ എസ് എസിന്റെയും കണ്ണിലുണ്ണിയാകാനാണ് പി സി ജോര്‍ജ് കുറെക്കാലമായി ശ്രമിക്കുന്നത്. അറസ്റ്റിലായ ജോര്‍ജിനെ അഭിവാദ്യം ചെയ്യാന്‍ ബി ജെ പി നേതാക്കളും അണികളും കൂട്ടത്തോടെ ഇറങ്ങിയെന്നും സുധാകരന്‍ പറഞ്ഞു. പി.സി ജോര്‍ജിന്റെ കസ്റ്റഡിയും സ്വന്തം കാറില്‍ ആഘോഷപൂര്‍വ്വം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറഞ്ഞു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കോടതിയില്‍ ഹാജരാക്കിയ ജോര്‍ജിന് ജാമ്യം ലഭിച്ചിരിക്കുന്നു. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോര്‍ജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിനിട നല്‍കുന്നതാണ്.ജാമ്യം കിട്ടിയ ജോര്‍ജ് പറഞ്ഞത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ്. ഇത് നല്‍കുന്ന സന്ദേശമെന്താണ്? ജാമ്യം നല്‍കുമ്പോള്‍ കോടതി പറഞ്ഞത് ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ വീണ്ടും നടത്തരുതെന്നാണ്. എന്നാല്‍ ജാമ്യം കിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പി.സി ജോര്‍ജ് ഉപാധി ലംഘിച്ചിരിക്കുന്നു. സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജാമ്യം റദ്ദ് ചെയ്യാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. അല്ലെങ്കില്‍ ക്ലിഫ് ഹൗസില്‍ ഒരു വാഴ നട്ട് ഡി വൈ എഫ് ഐ പ്രതിഷേധിക്കണമെന്ന് പി കെ ഫിറോസ് ആവശ്യപ്പെട്ടു.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് തെളിവുണ്ടെന്ന് അവകാശപ്പെട്ടു. വയനാട്ടിലെ യുവാവ് പറഞ്ഞതും ഒരു ലേഖനത്തില്‍ വായിച്ചതുമാണ് തെളിവായി പിസി ജോര്‍ജ് പറയുന്നത്. ഇത്തരം അവ്യക്തമായ കാര്യങ്ങള്‍ പൊതുവല്‍ക്കരിച്ച് ജനമധ്യത്തില്‍ പറയാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിസി ജോര്‍ജ് രൂക്ഷമായി പ്രതികരിച്ചു.
തന്റെ പ്രസംഗത്തിലെ ഒരു ഭാഗത്തില്‍ തിരുത്തുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ബന്ധപ്പെട്ട പ്രസംഗ ഭാഗത്തിലാണ് തിരുത്ത്. വലിയ മാളുകള്‍ വരുമ്പോള്‍ സാധാരണക്കാരായ ഒട്ടേറെ കച്ചവടക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്ന കാര്യമാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞത് മാറിപ്പോയി എന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ ഒരു തിരുത്തുണ്ട്. ഇന്ന് തിരുത്തി പറയണമെന്ന് നേരത്തെ കരുതിയതാണ്. അറസ്റ്റുണ്ടായപ്പോള്‍ പറയേണ്ടെന്ന് കരുതി. ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തിരുത്തി പറയുകയാണ്. പ്രസംഗ വേളയില്‍ തന്റെ മനസിലുള്ള ആശയവും പറഞ്ഞ കാര്യവും രണ്ടായി പോയി. റിലയന്‍സിന്റെ ഔട്ട്ലെറ്റ് കോട്ടയത്ത് തുടങ്ങാനുള്ള പിണറായി സര്‍ക്കാരിന്റെ നടപടി തെറ്റാണെന്ന് ഞാന്‍ പറഞ്ഞിരുന്നു.
അതുപോലെ തന്നെയാണ് യൂസഫലിയുടെ കാര്യവും. യൂസഫലി സാഹിബ് മാന്യനാണ്. അദ്ദേഹം മാള്‍ തുടങ്ങിയാല്‍ എല്ലാവരും അവിടെ കയറും. സാധാരണ കച്ചവടക്കാര്‍ പട്ടിണിയാകും. എല്ലാ മതക്കാര്‍ക്കും തിരിച്ചടിയാകും. അതുകൊണ്ട് യൂസഫലി സാഹിബിന്റെ സ്ഥാപനത്തില്‍ കയറരുത്. സാധാരണക്കാരന്റെ കടയില്‍ കയറണമെന്ന് ഞാന്‍ പറഞ്ഞു. അത് യൂസഫലിക്ക് എതിരായി പോയി എന്ന് ഞാന്‍ ചിന്തിക്കുന്നില്ല. അദ്ദേഹത്തെ അപമാനിക്കാന്‍ തീരുമാനിച്ചിരുന്നില്ല. ആ പറഞ്ഞ വാക്കുകള്‍ ഞാന്‍ പിന്‍വലിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ അറിവ് അനുസരിച്ച് എന്ന് പറഞ്ഞാണ് ഞാന്‍ പ്രസംഗിച്ചത്. വയനാട്ടുകാരനായ ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന യുവാവ് എന്നോട് കരഞ്ഞുപറഞ്ഞ കാര്യമാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അവന്‍ അസുഖ ബാധിതനായി കിടപ്പാണ്. കൂടാതെ ഞാന്‍ വായിച്ച ഒരു ലേഖനത്തില്‍ പറഞ്ഞ കാര്യമാണ് സൂചിപ്പിച്ചത്. ആ ലേഖനം എടുത്തുവയ്ക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ വ്യക്തമായ തെളിവില്ലാതെ പൊതുമധ്യത്തില്‍ പറയാമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. പൊതുപ്രവര്‍ത്തകനായ ഞാന്‍ ജനമധ്യത്തിലല്ലാതെ വീട്ടില്‍ പോയി ഭാര്യയോട് പറയണോ എന്നായിരുന്നു പിസി ജോര്‍ജിന്റെ മറുചോദ്യം. തന്റെ കൈയ്യിലുള്ള തെളിവാണ് പറഞ്ഞത്. അത് പിന്നെ ആകാശത്ത് പോയി പറയണോ. കോടതി നിബന്ധന മാനിച്ച് മിണ്ടാതെ പോകണമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, നിങ്ങള്‍ രാവിലെ മുതല്‍ നില്‍ക്കുന്നത് കണ്ടാണ് ഞാന്‍ സംസാരിക്കാന്‍ തയ്യാറായത് എന്നും പിസി ജോര്‍ജ് പറഞ്ഞു.