25.5 C
Kottayam
Monday, September 30, 2024

കോടതിയ്ക്ക് ധൃതിയില്ല,വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യഹർജി വേനലവധിയ്ക്ക് ശേഷം പരിഗണിയ്ക്കാൻ മാറ്റി

Must read

കൊച്ചി: ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്‍റെ (Vijay Babu) ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിയ്ക്ക് പിറകിലെന്നും ബ്ലാക്മെയിൽ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും വിജയ് ബാബു ഹർജിയിൽ ആരോപിക്കുന്നു. പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കീഴടങ്ങുന്നതാണ് നല്ലതെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. എന്നാൽ അറസ്റ്റ് തടയണമെന്നോ ഇടക്കാല ഉത്തരവ് വേണമെന്നോ വിജയ് ബാബു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടില്ല.

സമൂഹത്തിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിൻ്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണ സംഘത്തേയും ബോധ്യപ്പെടുത്താൻ സാധിക്കും. നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തൻ്റെ കൈവശമുണ്ട്. ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി എന്ന് മാധ്യമ വാർത്ത കൊടുക്കുകയാണ് അന്വേഷണ സംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നതെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു.

അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നു. അതേസമയം, ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത. വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.

അതിനിടെ, വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് വച്ച് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നും പരാതിയിലുണ്ട്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി വിജയ് ബാബുവിൽ നിന്നും തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു.

നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശേഖരിച്ചത്. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പൊലീസ് ശേഖരിച്ചു. ഇവരെ കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചു. ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ട് സാക്ഷികളുടെ മൊഴി എടുക്കുന്നുണ്ട്. കൂടുതൽ സാക്ഷികളുടെ മൊഴികളും ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരി നൽകിയ മൊഴി സാധൂകരിക്കുന്ന തെളിവുകൾ സാക്ഷികളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

വിജയ് ബാബു എത്ര ദിവസം ഒളിവിലിരുന്നാലും അദ്ദേഹത്തിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്ക് നീങ്ങാനാണ് പൊലീസിൻ്റെ തീരുമാനം. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്. പരാതിക്കാരി പൊലീസിനെ സമീപിച്ചതിന് പിന്നാലെ ഗോവയിലേക്ക് പോയ വിജയ് ബാബു അവിടെ നിന്നും വിദേശത്തേക്ക് കടന്നിരുന്നു. വിജയ് ബാബുവിനായി രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ ലൈവിൽ വന്ന് നടിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി ഇന്നലെ വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.

കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.

ലഹരി വസ്തുക്കൾ നൽകി അ‍ർദ്ധ ബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബും ബലാത്സംഗം ചെയ്തെതന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപത്രങ്ങൾ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിജയ് ബാബു പീഡനം തുടർന്നതായും ശാരീരികമായി ഉപദ്രവിച്ചതായും പറയുന്നു. ബാലാത്സംഗം, ദേഹോപദ്രവം എൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week