കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വനപ്രദേശത്തെ മലയിൽനിന്ന് ഉരുണ്ടുവീണ വലിയ പാറക്കല്ല്, ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പതിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പിന്നിലെ ബൈക്കിൽ ഉണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
രണ്ടാഴ്ച മുമ്പ്, ഏപ്രിൽ 16 ശനിയാഴ്ചയാണ് ചുരത്തിൽ അപകടം ഉണ്ടാകുന്നത്. അപകടത്തിൽ നിലമ്പൂർ സ്വദേശിയായ അഭിനവി (20)നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടിരുന്നു. കൂടെ ഉണ്ടായിരുന്ന അനീഷി (26)ന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ബൈക്കിന്റെ വേഗത ഒരല്‍പം വ്യത്യാസപ്പെട്ടിരുന്നെങ്കില്‍ അപകടത്തിൽ നിന്ന് രക്ഷപ്പെടുമായിരുന്നല്ലോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ദൃശ്യങ്ങൾ. പാറക്കല്ല് മുകളിൽ നിന്ന് ഉരുണ്ട് റോഡിൽ തട്ടി ബൈക്ക് യാത്രക്കാരുടെ മേലേക്ക് പതിക്കുകയായിരുന്നു. കല്ല് പതിച്ച് ബൈക്കും യാത്രക്കാരും ഞൊടിയിടകൊണ്ട് കൊക്കയിലേക്ക് പതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പാറക്കല്ല് തൊട്ടു താഴെയുള്ള അഞ്ചാം വളവിലുള്ള വനത്തിലെ മരത്തിൽ തട്ടിയാണ് നിന്നത്.
താമരശ്ശേരി ചുരത്തിലെ ആറാം മുടിപ്പിൻവളവിന് സമീപത്തായിരുന്നു സംഭവം. ആറുപേരടങ്ങുന്ന സുഹൃദ്‌സംഘം മൂന്നു ബൈക്കുകളിലായി വയനാട്ടിലേക്ക് വിനോദസഞ്ചാരത്തിന് പോകുകയായിരുന്നു. ആറാംവളവിനും ഏഴാംവളവിനും ഇടയിലെ വനഭാഗത്തുനിന്ന് ഉരുണ്ടെത്തിയ വലിയ പാറക്കല്ലാണ് അപകടമുണ്ടാക്കിയത്. മരം ഒടിഞ്ഞുവീണതിനെതിനെത്തുടർന്ന് ഇളകിയ പാറ ഇരുനൂറ്റമ്പത് മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ബൈക്കിലും ദേഹത്തുമായി വന്നിടിച്ച കല്ലിനൊപ്പം അഭിനവും അനീഷും സംരക്ഷണഭിത്തിയും കടന്ന് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു. കല്ല് ഇടിച്ചഭാഗത്ത് തകർന്ന്, സംരക്ഷണഭിത്തിയോട് ചേർന്നുള്ള കലുങ്കിന് സമീപം ഉടക്കിനിന്ന നിലയിലായിരുന്നു ബൈക്ക്. താമരശ്ശേരി ചുരത്തിന്റെ ചരിത്രത്തിൽത്തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു അപകടം നടക്കുന്നത്.