കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചോര്‍ന്നതുകൊണ്ട് ആര്‍ക്കാണ് ഗുണം എന്ന ചോദ്യത്തേക്കാള്‍ തന്നെ അമ്പരിപ്പിച്ചത് ആ ദൃശ്യങ്ങള്‍ ആരെങ്കിലും മാറ്റി പുതിയ വേറെന്തെങ്കിലും ദൃശ്യങ്ങള്‍ അവിടെ വെച്ചോ അല്ലെങ്കില്‍ ആ ദൃശ്യങ്ങള്‍ ടാമ്പര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണെന്ന് സൈബര്‍ വിദഗ്ധനായ സംഗമേശ്വരന്‍.
ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഒരുചാനല്‍ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പിലൂടെയായിരുന്നും സംഗമേശ്വരന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അന്വേഷണസംഘത്തിലെ ചില സ്ഥാനചലനങ്ങളോടെ അന്വേഷണം അട്ടിമറിക്കപ്പെട്ടേക്കാം എന്നുള്ള ചര്‍ച്ചകളില്‍ ഇന്നലെ രാത്രിയിലത്തെ ചാനല്‍ ചര്‍ച്ചയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചില കാര്യങ്ങള്‍ പറഞ്ഞു.ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും എന്റെ പേര് പരാമര്‍ശിക്കപ്പെട്ടതുകൊണ്ടു ചില കാര്യങ്ങള്‍ സാധാരണക്കാര്‍ക്കുകൂടി മനസ്സിലാവുന്ന രീതിയില്‍ വിശദീകരിച്ചേക്കാം എന്ന് കരുതി. തുടര്‍ന്നു വായിക്കുക.
ഇക്കാര്യം വളരെയധികം ഗൗരവമുള്ളതാണ്.
നിയമാനുസൃതമായി കസ്റ്റഡിയില്‍ ഉള്ള പ്രധാന തെളിവായ, 2017 ല്‍ ആക്രമിക്കപ്പെട്ട രംഗങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡോ അഥവാ യു എസ് ബി പെന്‍ ഡ്രൈവോ, ആരോ നിയമാനുസൃതമായോ നിയമവിരുദ്ധമായോ ‘ അക്‌സസ്സ് ‘ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു . ഇതെഴുതുന്ന സമയം ഞാന്‍ ആ റിപ്പോര്‍ട്ട് കണ്ടിട്ടില്ല, അതിനാല്‍ ഇതില്‍ക്കൂടുതല്‍ പറയാന്‍ പറ്റില്ല. എന്താണെന്നുവെച്ചാല്‍ ആ റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌നിക്കല്‍ പദപ്രയോഗങ്ങളറിഞ്ഞാല്‍ മാത്രമേവ്യക്തതയോടുകൂടി പറയാമ്പറ്റൂ.
പലരും പറയുന്നത് ദൃശ്യങ്ങള്‍ ആരോ ‘ അക്‌സസ്സ് ‘ ചെയ്തു അല്ലെങ്കില്‍ ആരോ പകര്‍ത്തി , ചോര്‍ത്തി നല്‍കി എന്നതാണ് . പക്ഷെ ഒരു ചോദ്യം പലരുമെന്നോട് ചോദിച്ചത് ‘ ആ ദൃശ്യങ്ങള്‍ ചോര്‍ന്നതുകൊണ്ടു ആര്‍ക്കാണ് ഗുണം ‘ എന്നാണ്. മാത്രവുമല്ല പകര്‍ത്തി, ചോര്‍ത്തി എന്നു മാത്രം അന്വേഷിക്കുന്നത് ‘ യാത്രക്കാരുടെ ശ്രദ്ധക്ക് ‘ എന്ന ചിത്രത്തിലെ മണ്‍മറഞ്ഞ ശ്രീ. ഒടുവില്‍ ഉണ്ണികൃഷ്ണന്റെ സെക്യൂരിറ്റി കഥാപാത്രം ശ്രീ. ശ്രീനിവാസന്റെ കഥാപാത്രം ഫ്‌ലാറ്റിനകത്തേയ്ക്ക് കയറിപ്പോകുന്നത് കാണാതെ ശബ്ദം കേട്ട വേറെയേതോ ഭാഗത്തേയ്ക്ക് ലൈറ്റടിച്ചു നോക്കുന്നതുപോലെയാണ്.
ആ ചോദ്യങ്ങളേക്കാളേറെ എന്നെ അമ്പരിപ്പിച്ചത് ആ ദൃശ്യങ്ങള്‍ ആരെങ്കിലും മാറ്റി പുതിയ വേറെന്തെങ്കിലും ദൃശ്യങ്ങള്‍ അവിടെ വെച്ചോ അല്ലെങ്കില്‍ ആ ദൃശ്യങ്ങള്‍ ടാമ്പര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണ് . പല രാജ്യങ്ങളിലെ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുമായും ചേര്‍ന്ന് പല രീതികളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഒരു പരിചയം വെച്ചിട്ടു തീര്‍ച്ചയായും പറയാന്‍പറ്റും ആ ഒരു ആംഗിളിലാണ് ആദ്യം നോക്കേണ്ടത് എന്ന് . ചില ഏജന്‍സികള്‍ രണ്ടാമതേ ആ വഴിക്കു അന്വേഷിക്കൂ … പക്ഷെ അന്വേഷിച്ചിരിക്കും . ‘ Don’t leave any stones unturned ‘ എന്നുള്ളത് വളരെ പ്രസിദ്ധമായ ഒരന്വേഷണ അപ്രോച്ചാണ്. അതായത് ഒരു കാര്യവും അശ്രദ്ധമൂലം വിട്ടുകളയരുത് എന്നു തന്നെ.
ഒരു ഡിജിറ്റല്‍ തെളിവിന്റെ ( ഫയലിന്റെ ) ‘ ഹാഷ് വാല്യൂ ‘ മാറിയിട്ടുണ്ടെങ്കില്‍ താഴെപറയുന്ന രണ്ടു കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് തീര്‍ച്ചയായും നടന്നിരിക്കാന്‍ സാധ്യതയുണ്ട് .
1 ) ഒറിജിനല്‍ ഫയല്‍ എഡിറ്റ് ( ടാമ്പര്‍ ) ചെയ്യപ്പെട്ടിരിക്കുന്നു
2 ) ഒറിജിനല്‍ ഫയല്‍ തന്നെ മൊത്തത്തില്‍ മാറ്റപ്പെട്ടിരിക്കുന്നു
രണ്ടിലേതായാലും 2017 ലെ സംഭവത്തിന്റെ വിധിയെത്തന്നെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളതാണെന്ന് തര്‍ക്കമില്ലാത്തകാര്യം തന്നെയാണ് എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നിയമവിദഗ്ദരുമായി സംസാരിച്ചുമനസ്സിലാക്കാവുന്നതാണ്.
ഈ ഫോറന്‍സിക് അന്വേഷണറിപ്പോര്‍ട്ട് വസ്തുനിഷ്ഠമായി എത്രയുംപെട്ടെന്ന് അന്വേഷിച്ചു പൂര്‍ത്തിയാക്കി പുറത്തുവന്നില്ലെങ്കില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നിട്ടുണ്ടാവുക എന്ന് സാമാന്യ ബോധമുള്ളവര്‍ക്കാര്‍ക്കും ഊഹിച്ചാല്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ആ അന്വേഷണം മുടക്കുന്ന ( stonewalling ) ചെയ്യുന്നരീതിയില്‍ തന്നെയുണ്ട് ഈ ഫോറന്‍സിക് അന്വേഷണറിപ്പോര്‍ട്ട് മുഴുവനായി പുറത്തുവന്നാല്‍ എന്തു പുകിലാണ് ഉണ്ടാവാന്‍ പോകുന്നതെന്ന്. മാത്രവുമല്ല, ചിലപ്പോള്‍ ആ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു സൂക്ഷിച്ചസമയത്തു നടന്നിരിക്കാന്‍ സാദ്ധ്യതയുള്ള പല വീഴ്ചകളും പുറത്തുവന്നേയ്ക്കാം.
അപ്പൊ ശരി. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കണമെന്നുള്ളവര്‍ ഞാന്‍ കഴിഞ്ഞ ഒരാഴ്ചയായി പോസ്റ്റുചെയ്ത കുറിപ്പുകളും വീഡിയോകളും കാണുക.