ആലപ്പുഴ: ഹോട്ടല്‍ ഭക്ഷണത്തിന് തോന്നുന്ന വിധം വിലയീടാക്കുന്നവര്‍ക്ക് പിടിവീഴും. ഭക്ഷണത്തിന് അമിത വിലയീടാക്കുന്നുവെന്ന എംഎല്എ ചിത്തരഞ്ജന്റെ പരാതിക്ക് പിന്നാലെ ജില്ലയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന ആരംഭിച്ചു. ആദ്യഘട്ടമെന്നോണം ചേര്‍ത്തലയിലെ ഹോട്ടലുകളിലാണ് പരിശോധന. ആലപ്പുഴ കളക്ടര്‍ രേണു രാജാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത്.
ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചില ഹോട്ടലുകളില്‍ തോന്നുന്ന വിധമാണ് വിലയീടാക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഹോട്ടലുകളുടെ നിലവാരം അനുസരിച്ച് ഭക്ഷണവില ഏകീകരിക്കണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച് കളക്ടര്‍ക്ക് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഭക്ഷണത്തിന് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ ജില്ലാ കളക്ടര്‍ക്ക് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയാണ് പരാതി നല്‍കിയത്. കണിച്ചുക്കുളങ്ങരയിലെ ഒരു ഹോട്ടലില്‍നിന്നും അഞ്ച് അപ്പവും രണ്ട് മുട്ടക്കറിക്കും തന്നോട് 184 രൂപ ഈടാക്കിയെന്നാണ് എംഎല്‍എയുടെ പരാതി.
കനം കുറഞ്ഞ ഒരു അപ്പത്തിന് 15 രൂപയും ഒരു മുട്ടയ്ക്കും അല്പം ഗ്രേവിക്കും 50 രൂപയും ഹോട്ടല്‍ ഉടമ ഈടാക്കിയെന്നു ചിത്തരഞ്ജന്‍ ആരോപിക്കുന്നു. താന്‍ കയറിയതു സ്റ്റാര്‍ ഹോട്ടലില്‍ അല്ലെന്നും എസി ഹോട്ടല്‍ എന്നു പറഞ്ഞിട്ട് എസി ഇല്ലായിരുന്നുവെന്നും ഹോട്ടലില്‍ വിലവിവരപ്പട്ടിക ഇല്ലായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.