ന്യൂഡല്‍ഹി: പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസുണ്ടാകില്ല.
കഴിഞ്ഞ ഏഴാഴ്ചയായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം. അതേസമയം, കേസെടുക്കില്ലെങ്കിലും ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കോവിഡിനെതിരേ ജാഗ്രത കൈവിടാന്‍ പാടില്ലെന്നും കേന്ദ്രം അറിയിച്ചു.
കൊവിഡ് മുന്‍കരുതല്‍ എന്ന നിലയില്‍ വ്യക്തികള്‍ക്ക് സ്വമേധയാ മാസ്‌ക് ധരിക്കുകയോ, ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നു നില്‍ക്കുകയോ ചെയ്യാം. അതല്ലാതെ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ല എന്നതിനാല്‍ കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ആള്‍ക്കൂട്ടത്തിനും കോവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് വേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവില്‍ പോലീസ് ആക്ടും ദുരന്ത നിവാരണ നിയമപ്രകാരവുമുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. മാസ്‌ക് ധരിക്കാതിരിക്കല്‍, ആളുകള്‍ കൂട്ടം ചേരല്‍, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയവയ്ക്ക് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ആറുമാസം വരെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. നിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു.