പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേട്ടുവഴിയിൽ മരുതൻ – ജിൻസി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ശിവപ്രസാദ് എന്ന ആൺക്കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ വർഷം അട്ടപ്പാടിയിലെ നാലാമത്തെ ശിശു മരണമാണ് ശിവപ്രസാദിൻ്റേത്. കുട്ടിക്ക് ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. മാർച്ച് ഒന്നിനും അട്ടപ്പാടിയിൽ ശിശു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ – നഞ്ചമ്മാൾ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് അന്ന് മരിച്ചത്. രക്തക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദ്ധവുമാണ് കുഞ്ഞിൻ്റെ മരണകാരണമായത്.
അട്ടപ്പാടിയിലെ ശിശു മരണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ കഴിഞ്ഞ ആഴ്ച ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഒരാഴ്ചയ്ക്ക് അകം അട്ടപ്പാടിയിൽ ശിശുമരണം തടയാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാനാണ് കേന്ദ്രം കത്തിൽ ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയെ കൂടാതെ പാലക്കാട് ജില്ലാ കളക്ടർക്കും നോട്ടീസ് നൽകിയിരുന്നു. മുൻ രാജ്യസഭാ എം പി റിച്ചാർഡ് ഹേ നൽകിയ പരാതിയിലായിരുന്നു കമ്മീഷൻ്റെ ഇടപെടൽ.