തിരുവനന്തപുരം: വിശുദ്ധ ചാവറയച്ചന് സ്മാരകത്തിന് ഒരു കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ആദ്യപഥികരില്‍ പ്രധാനിയും , വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ( ചാവറയച്ചന് ) സ്മരണയ്ക്കായി മാന്നാനത്ത് സ്മാരകം നിര്‍മ്മിക്കുക എന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ബജറ്റില്‍ നിന്നുള്ള ഇടപെടല്‍ സ്മാരക നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരും.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനു വഴിതെളിയിച്ചവരില്‍ ഒരാളാണ് വിശുദ്ധ ചാവറയച്ചന്. കത്തോലിക്കാ സഭയുടെ ‘ഓരോ പള്ളിയോടു ചേര്‍ന്ന് പള്ളികൂടം’ എന്ന ആശയം നടപ്പില്‍ വരുത്തിയത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. സ്കൂളുകള്‍ സ്ഥാപിക്കുക മാത്രമല്ല ജാതിമത വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവര്ക്കും പ്രവേശനവും അനുവദിച്ചു. പഠനോപകരണങ്ങളും ഉച്ചക്കഞ്ഞിയും സ്കൂളില്‍ കുട്ടികള്‍ക്കായി നല്കി .
സ്ത്രീ സമത്വത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലായിരുന്നു അദ്ദേഹം. അതുപോലെ കുടുംബ ബന്ധങ്ങളിലെ പവിത്രത നിലനിര്‍ത്തുന്നതിനായി വേണ്ട മാര്‍ഗനിദേശങ്ങള്‍ നല്കുന്നതിനുവേണ്ടുള്ള സംവിധാനങ്ങള്‍ ഒരുക്കി എന്നതും കേരളം ഓര്‍മ്മിക്കുന്നു. മലയാളത്തിലുള്ള ആദ്യത്തെ പ്രാര്‍ത്ഥനാ പുസ്തകം അച്ചടിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
മാന്നാനം അച്ചടിശാലയില്‍ മുദ്രണം ആരംഭിക്കുന്നതിനു മുന്‍പ് മലയാളത്തില്‍ പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ ഉണ്ടായിരുന്നില്ല. ചാവറയച്ചന് ഉണ്ടാക്കിയ അച്ചടിശാല കേരളത്തിലെ അഞ്ചാമത്തെ അച്ചടിശാലയായിരുന്നു. ആ മരപ്രസ് ഇന്നും മാന്നാനത്ത് സൂക്ഷിക്കപ്പെടുന്നു.
ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തിലായിരുന്നു ചാവറയച്ചന്റെ പ്രവര്‍ത്തന മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും. ചാവറയച്ചനെ കബറിടം സ്ഥിതിചെയ്യുന്ന ദേവാലയവും ,
അദ്ദേഹത്തിന്റെ ആശയത്തില്‍ രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മാന്നാനത്ത് ഉചിതമായ ഒരു സാംസ്കാരിക സമച്ചയം നിര്‍മ്മിക്കണം എന്ന നിര്‍ദേശം ബഹു : മുഖ്യമന്ത്രി, ബഹു. ധനകാര്യമന്ത്രി, ബഹു. സാംസ്കാരിക മന്ത്രി എന്നിവരുടെ ശ്രദ്ധയിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്മാരകത്തിനായി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.