പഞ്ചാബിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ തുടക്കത്തില്‍തന്നെ മാന്‍ ഓഫ് ദ് മാച്ച് ആയി തിളങ്ങിയ ഒരാളെയുള്ളൂ, ഭഗവന്ത് സിങ് മാന്‍. ഡല്‍ഹിക്കു പുറത്തേക്ക് സാമ്രാജ്യം പടര്‍ത്തണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ മോഹത്തിന് ഊടും പാവും നെയ്ത തലപ്പാവുകാരന്‍. 2014 മുതല്‍ പഞ്ചാബിലെ സംഗ്രൂര്‍ മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന ഭഗവന്തിനെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാക്കളുടെ കൂട്ടത്തിലേക്ക് പെട്ടെന്നായിരുന്നു ഉയര്‍ച്ച.
തമാശ ഇഷ്ടപ്പെടുന്നവരാണു പഞ്ചാബികള്‍. ഈ ഇഷ്ടമാണു സ്റ്റാന്‍ഡ്അപ് കോമഡിക്കാരുടെ നാടായും പഞ്ചാബിനെ മാറ്റുന്നത്. 1973 ഒക്ടോബര്‍ 17ന് മൊഹിന്ദര്‍ സിങ്ങിന്റെയും ഹര്‍പല്‍ കൗര്‍ സതൗജിന്റെയും മകനായി ജനനം. ഭഗവന്ത് എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയും തമാശകളിലൂടെയാണ് പഞ്ചാബികള്‍ക്കു മുന്നിലേക്ക് എത്തിയത്. സ്‌കൂള്‍, കോളജ് തലങ്ങളിലെ മത്സരങ്ങളില്‍ സമ്മാനങ്ങളും കയ്യടികളും നേടി മുന്നേറി. പിന്നെ ചാനലുകളില്‍ സ്റ്റാന്‍ഡ്അപ് കോമഡിയുമായി രംഗപ്രവേശം. ആയിടയ്ക്കാണ് ജുഗ്‌നു (മിന്നാമിനുങ്ങ്) എന്ന വിളിപ്പേര് ലഭിച്ചത്. പിന്നാലെ സിനിമയിലും സീരിയലുകളും അഭിനയിച്ചു.
2012ല്‍ പഞ്ചാബ് പീപ്പിള്‍സ് പാര്‍ട്ടി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചു, തോറ്റു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി എഎപിയിലേക്ക് കൂടുമാറി. സംഗ്രൂര്‍ മണ്ഡലത്തില്‍ കാത്തിരുന്നതു വന്‍ വിജയം. ഭഗവന്തിന്റെ പല ‘തമാശകളും’ വിവാദക്കൊടുങ്കാറ്റായി മാറി. പരസ്യമായ മദ്യപാനം ‘പെഗ്വന്ത്’ മാന്‍ എന്നൊരു പേരും ചാര്‍ത്തിക്കൊടുത്തു. മുന്‍ എഎപി നേതാവ് യോഗേന്ദ്ര യാദവും കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങും ഉള്‍പ്പെടെയുള്ളവര്‍ ഭഗവന്തിന്റെ മദ്യപാനത്തെ വിമര്‍ശിച്ചിട്ടുണ്ട്.
പാര്‍ലമെന്റില്‍ മദ്യപിച്ചെത്തിയ ഭഗവന്ത്, പഞ്ചാബിന്റെ പ്രതിഛായയ്ക്കാണു മങ്ങലേല്‍പ്പിക്കുന്നത് എന്നായിരുന്നു അമരിന്ദറിന്റെ പ്രതികരണം. ഭഗവന്തിന്റെ മദ്യപാനത്തിനെതിരെ, എഎപി എംപിയായിരുന്ന ഹരീന്ദര്‍ സിങ് ഖല്‍സ രേഖാമൂലം ലോക്സഭാ സ്പീക്കര്‍ക്കു പരാതി നല്‍കി. ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാര ചടങ്ങിലും, ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി അമൃത്സറിലെ ഗുരുദ്വാരയില്‍ സംഘടിപ്പിച്ച ചടങ്ങിലും മദ്യപിച്ച് എത്തി ഭഗവന്ത് ചീത്തപ്പേര് കേള്‍പ്പിച്ചു.
സിഖ് സമുദായ അംഗമെങ്കിലും 2014ലെ തിരഞ്ഞെടുപ്പ് ജയിക്കും വരെ ഭഗവന്ത് ടര്‍ബന്‍ ധരിച്ചിരുന്നില്ല. സിഖുകാരെ പോലെയല്ല താന്‍ ടര്‍ബന്‍ കെട്ടുന്നതെന്നും ഭഗത് സിങ്ങിനെപ്പോലെയാണ് തലപ്പാവ് ധരിക്കുന്നതെന്നും പറഞ്ഞതും വിവാദമായി. ലോക്സഭാംഗമായതിന്റെ പിറ്റേ വര്‍ഷം, 2015ല്‍, ഭാര്യ ഇന്ദര്‍ജീത് കൗറുമായി ഭഗവന്ത് വേര്‍പിരിഞ്ഞു. നല്ലൊരു പഞ്ചാബിനുവേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്നുവെന്നായിരുന്നു പ്രതികരണം. വിവാഹമോചനത്തിനു പ്രധാന കാരണമായി പറയുന്നതും ഭഗവന്തിന്റെ മദ്യപാനമാണ്. ഇരുവര്‍ക്കും ഒരു മകനും മകളുമാണുള്ളത്.
2017ല്‍ കോണ്‍ഗ്രസിലെ ദല്‍വിര്‍ സിങ് ഗോള്‍ഡി എഎപി സ്ഥാനാര്‍ഥിയെ 2811 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മറികടന്നു വിജയിച്ച ധുരി മണ്ഡലത്തിലാണ് ഭഗവന്ത് ഇക്കുറിയും പോരിനിറങ്ങിയത്. 1977 മുതല്‍ ശിരോമണി അകാലിദള്‍ നാലു തവണയും കോണ്‍ഗ്രസ് മൂന്നു തവണയും ജയിച്ച മണ്ഡലം. സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസിന്റെ ദല്‍വീര്‍ സിങ്ങിനെ ബഹുദൂരം പിന്നിലാക്കിയാണു ഭഗവന്തിന്റെ വിജയം. ബിജെപി സ്ഥാനാര്‍ഥി രണ്‍ദീപ് സിങ്ങും അകാലിദളിന്റെ പ്രകാശ് ചന്ദ്ര ഗാര്‍ഗും നിലംതൊട്ടില്ല.
വിവാദങ്ങള്‍പോലെ ജനപ്രീതിയും കൂടപ്പിറപ്പാണെന്നു കണ്ടാണ്, ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍, പഞ്ചാബിലെ പതാകവാഹകനാകാന്‍ ഭഗവന്തിനെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വ വോട്ടെടുപ്പില്‍ 90 ശതമാനത്തിലേറെ പേരും നിര്‍ദേശിച്ചതും ഭഗവന്തിനെയാണ്. ഡല്‍ഹിയിലെ ഭരണമാതൃക വാഗ്ദാനം ചെയ്തായിരുന്നു പഞ്ചാബിലെ പ്രചാരണം. പാട്ടും നൃത്തവുമൊക്കെയായി ആഘോഷത്തിമിര്‍പ്പിലായിരുന്നു പരിപാടികള്‍. ഭഗവന്തിന്റെ ആടിപ്പാടിയുള്ള വോട്ടുപിടിത്തം ജനങ്ങള്‍ക്ക് ഇഷ്ടമായെന്നു തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.