പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് തോല്‍വി
ചണ്ഢീഗഢ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് തോല്‍വി. പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവ് കൂടിയായ അമരീന്ദര്‍ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിക്ക് മുന്നിലാണ് തോറ്റത്. അമരീന്ദര്‍ സിംഗിന് 20,105 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ തട്ടകമായിരുന്ന പട്യാലയില്‍ ഇത്തരമൊരു തോല്‍വി ആരും പ്രതീക്ഷിച്ചിരുന്നില്ല. 2002, 2007, 2012, 2017 വര്‍ഷങ്ങളിലും പട്യാലയില്‍ നിന്ന് വിജയിച്ചിട്ടുള്ള വ്യക്തിയാണ് അമരീന്ദര്‍ സിംഗ്.
പഞ്ചാബില്‍ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് ദളിത് വോട്ടുകളെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ മറികടക്കാന്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിലൂന്നി നടത്തിയ പ്രചരണത്തിലൂടെ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചു. സ്ഥാനാര്‍ഥികളെ പാര്‍ട്ടി തെരഞ്ഞെടുത്തതല്ല പകരം ജനങ്ങള്‍ തെരഞ്ഞെടുത്തതാണ് എന്ന തരത്തിലുള്ള പ്രചരണവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതും നേട്ടമായി. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ അട്ടിമറി വിജയം ബിജെപിക്ക് രാഷ്ട്രീയ ബദലാകാനുള്ള വിശാല പ്രതിപക്ഷത്തെ അരവിന്ദ് കെജ്രിവാള്‍ നയിക്കുമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാരഥി മമത ബാനര്‍ജി കൊതിച്ചിരുന്ന ഈ സ്ഥാനത്തേക്ക് കെജ്രിവാള്‍ ഉയര്‍ന്നുവരുന്നു എന്നതാണ് ഏറെ നിര്‍ണായകം.
ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലേക്ക്. 44 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്ന ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചുകഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരാഖണ്ഡില്‍ ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. 22 സീറ്റുകളിലാണ് കോണ്‍ഗ്രസിനു ലീഡ് ഉള്ളത്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചെങ്കിലും ഉത്തരാഖണ്ഡില്‍ മന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പിന്നിലാണ്. ഖതിമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കപ്രിയാണ് ധാമിയ്ക്ക് തിരിച്ചടി നല്‍കുന്നത്.
2002ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആണ് ഉത്തരാഖണ്ഡില്‍ അധികാരം പിടിച്ചത്. 70 സീറ്റുകളില്‍ 36 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. നാരായണ്‍ ദത്ത് തിവാരി ആയിരുന്നു ആദ്യത്തെ മുഖ്യമന്ത്രി. 2007ല്‍ ബിജെപി അധികാരത്തിലെത്തി. 70ല്‍ 35 സീറ്റുകളില്‍ വിജയിച്ച ബിജെപി ഉത്തരാഖണ്ഡ് ക്രാന്തി ദളിന്റെയും മറ്റ് സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരത്തിലേറി. മുന്‍ കേന്ദ്ര മന്ത്രി ഭുവന്‍ ചന്ദ്ര ഖണ്ഡൂരി മുഖ്യമന്ത്രിയായി.
2012ല്‍ വീണ്ടും കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചു. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസിന് 32 സീറ്റും ബിജെപിയ്ക്ക് 31 സീറ്റും ലഭിച്ചു. വിജയ് ബഹുഗുണ ആയിരുന്നു മുഖ്യമന്ത്രി. 2014ല്‍ ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായി. കഴിഞ്ഞ തവണ ബിജെപി വീണ്ടും അധികാരത്തിലെത്തി. 57 മണ്ഡലങ്ങളില്‍ വിജയിച്ച ബിജെപി ത്രിവേന്ദ്ര സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. 2021ല്‍ തിരാത്ത് സിംഗ് റാവത്തും തുടര്‍ന്ന് പുഷ്‌കര്‍ സിംഗ് ധാമിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
ഹരിദ്വാര്‍ റൂറലില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്ത് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സ്വാമി യതീശ്വരാനന്ദുമായി 2700ലധികം വോട്ടുകള്‍ക്കാണ് അനുപമ മുന്നില്‍ നില്‍ക്കുന്നത്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ മുന്‍ മന്ത്രി ഹരക് സിംഗ് റാവത്തിന്റെ മരുമകള്‍ അനുകൃതി ഗുസൈന്‍ പിന്നിലാണ്. ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ ആയ ദലീപ് സിംഗ് റാവത്ത് ഇവിടെ 100ലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹരീഷ് റാവത്ത് നൈനിറ്റാളിലെ ലാല്‍കുവന്‍ മണ്ഡലത്തില്‍ 2713 വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുന്നു.